supremecourt
supremecourt

ന്യൂഡൽഹി: അഭയ കേന്ദ്രങ്ങളിൽ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് മരുന്നും ഭക്ഷണവും ഉറപ്പാക്കണമെന്നും അവർക്ക് മാനസിക ഊർജം പകരുന്നതിനായി കൗൺസിലർമാരെ നിയോഗിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നി‌ർദേശിച്ചു.ലോക്ക് ഡൗണിനിടെ തൊഴിലാളികൾ കൂട്ടപ്പലായനം നടത്തിയ സംഭവത്തിൽ അഭിഭാഷകരായ രശ്മി ബൻസാൽ, അഞ്ജു ഗുപ്ത എന്നിവർ സമർപ്പിച്ച ഹ‌ർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. അടിയന്തര ലോക്ക്ഡൗൺ രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളെ ബാധിച്ചിട്ടില്ലെന്നും അവർ സുരക്ഷിതരാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. യാത്രചെയ്യുന്ന തൊഴിലാളികളിൽ പത്തിൽ മൂന്നു പേർ രോഗം പടർത്താമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മുന്നറിയിപ്പും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഭിഭാഷകൻ അലോക് ശ്രീവാസ്തവ തുടങ്ങിയവരും വീഡിയോ കോൺഫറൻസിലൂടെയാണ് വാദിച്ചത്. ഏപ്രിൽ ഏഴിന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.

വ്യാജവാർത്തകൾ തടയാൻ

പ്രത്യേക കമ്മിറ്റി

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാർത്തകൾ വൈറസിനെക്കാൾ ഭീകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് തടയാൻ ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് കേന്ദ്ര സ‌ർക്കാരിന് നിർദ്ദേശം നൽകി.