nizamudeen-

ന്യൂഡൽഹി:ആഗോള ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനമായ തബ് ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ അലാമി മർക്കസ് ബംഗ്ളവാലി മസ്ജിദിലെ സമ്മേളനങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളിൽ പത്ത് പേർ വിവിധ സംസ്ഥാനങ്ങളിലായി കൊറോണ ബാധിച്ച് മരിക്കുകയും നൂറുകണക്കിന് പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ രാജ്യം കടുത്ത ആശങ്കയിലായി. ലോക്ക് ഡൗൺ ലംഘിച്ചതിന് ഡൽഹി പൊലീസ് കേസെടുത്തു.

സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ റിട്ട. കോളേജ് അദ്ധ്യാപകൻ ഡോ. എം.സലിം ചൊവ്വാഴ്ച ഡൽഹിയിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

പതിനാറ് വിദേശരാജ്യങ്ങളിൽ നിന്നും കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നിന്നുമായി നാലായിരത്തോളം പേരാണ് മാർച്ച് മാസത്തിൽ വിവിധ ദിവസങ്ങളിലായി സമ്മേളനങ്ങളിൽ പങ്കെടുത്തത്. ഇവരിൽ 1300ലേറെ പേ‌ർ ലോക്ഡൗണിനെ തുടർന്ന് പള്ളി സമുച്ചയത്തിൽ തന്നെ തുടർന്നു. അവരിൽ കടുത്ത രോഗലക്ഷണങ്ങളുള്ള 441 പേരെ ഡൽഹിയിലെ ആശുപത്രികളിലേക്ക് മാറ്റി. 700 പേരെ വിവിധ കേന്ദ്രങ്ങളിലായി ക്വാറന്റൈൻ ചെയ്തു. പത്തനംതിട്ടക്കാരായ 12 പേർ ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി പേർ പങ്കെടുത്തെന്നാണ് അറിയുന്നത്.

മാ‌ർച്ച് 17 മുതൽ 19 വരെ നടന്ന ജമാഅത്തിന്റെ ഏഷ്യാസമ്മോളനത്തിൽ പുരോഹിതന്മാർ ഉൾപ്പെടെ നൂറുകണക്കിന് വിദേശികളും പങ്കെടുത്തിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത ആയിരങ്ങൾ വിമാനം, ട്രെയിൻ, ബസ് മാർഗങ്ങൾ ഉപയോഗിച്ചതിനാൽ ആശങ്ക ശക്തമാണ്. നാടുകളിൽ തിരിച്ചെത്തിയ ഇവർ മതചടങ്ങുകളിലും പള്ളികളിലെ പ്രാർത്ഥനകളിലും പങ്കെടുത്തിട്ടുണ്ട്. ഇവരിൽ എത്ര പേർക്ക് രോഗം ഉണ്ടെന്നോ​ ഇവരിൽ നിന്ന് എത്ര വ്യാപകമായി രോഗം പടർന്നിട്ടുണ്ടെന്നോ വ്യക്തമല്ല. ഉത്തർപ്രദേശിൽ ഇവർ സമ്പർക്കം പുലർത്തിയ 18 ജില്ലകൾ നിരീക്ഷണത്തിലാണ്.

തമിഴ്‌നാട്ടിൽ നിന്ന് 1,500 പേരും തെലങ്കാനയിൽ നിന്ന് ആയിരത്തിലേറെ പേരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിനെത്തിയ വിദേശ പുരോഹിതർ പല സംഘങ്ങളായി തെലങ്കാന,​ ബീഹാർ,​ ഉത്തർ പ്രദേശ്,​ ആന്ധ്ര പ്രദേശ്,​ ഒഡിഷ സംസ്ഥാനങ്ങളിൽ എത്തുകയും പള്ളികളിലും മറ്റും ഗ്രൂപ്പ് മീറ്റിംഗുകൾ നടത്തുകയും ചെയ്‌തു. രോഗ ബാധയുള്ള ചില പുരോഹിതർ ഡൽഹിയിൽ ചികിത്സയിലാണ്. തെലങ്കാനയിലെ കോറോണ കേസുകളിൽ പകുതിയും ഈ മീറ്റിംഗുകളിൽ പങ്കെടുത്തവരാണ്.

മരണവും രോഗവും:

സമ്മേളനത്തിൽ പങ്കെടുത്തവരിൽ

@ആൻഡമാനിൽ വെള്ളിയാഴ്‌ച കൊറോണ സ്ഥിരീകരിച്ച പത്തിൽ ആറ് പേരും

@കാശ്‌മീരിൽ വ്യാഴാഴ്‌ച കൊറോണ മൂലം മരിച്ച 65 കാരനായ മതപുരോഹിതൻ

@ആന്ധ്രയിലെ ഗുണ്ടൂരിൽ കൊറോണ സ്ഥിരീകരിച്ച 52 കാരൻ

@ തെലങ്കാനയിൽ കൊറോണ മൂലം മരിച്ച ആറു പേർ

@ കർണാടകയിലെ തുംഗൂറിൽ മരിച്ച ഒരാൾ

@ തമിഴ്‌നാട്ടിൽ മരിച്ച ഒരാൾ

@ ഡൽഹിയിൽ ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെ മൃതദേഹം ഡൽഹിയിൽ തന്നെ സംസ്കരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നോ എന്ന് വ്യക്തമല്ല.

@ മുംബയിൽ കൊറോണ ബാധിച്ചു മരിച്ച ഫിലിപ്പൈൻസ് സ്വദേശിയും

@ ഡൽഹിയിലെ കൊറോണ കേസുകളിൽ 24 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

@ തമിഴ്‌നാട്ടിൽ നിന്ന് പങ്കെടുത്തവരിൽ 981 പേരെ തിരിച്ചറിഞ്ഞു. ഈറോഡിലെ 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 33 പേരെ ഐസൊലേറ്റ് ചെയ്തു. കോയമ്പത്തൂരിലെ 61 പേരിൽ 41 പേരെ ഐസൊലേറ്റ് ചെയ്തു.

@ തെലങ്കാനയിൽ നിന്ന് ആയിരത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിൽ 194 പേരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തു.

800 വിദേശ പുരോഹിതർ കരിമ്പട്ടികയിൽ

സമ്മേളനത്തിന് മലേഷ്യയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ എത്തിയ 800 പുരോഹിതരെ കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ടൂറിസ്റ്റ് വിസയിൽ വന്ന് മതസമ്മേളനത്തിൽ പങ്കെടുക്കുന്നത് വിസ നിയമത്തിന്റെ ലംഘനമാണ്. ഭാവിയിൽ ഇവർക്ക് ഇന്ത്യയിൽ വരാൻ പറ്റില്ല.

ഇവരെ കൂടാതെ 16 രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വന്ന് സമ്മേളനത്തിൽ പങ്കെടുത്ത 300 വിദേശികളെയും കരിമ്പട്ടികയിൽ പെടുത്തും.

'ഡൽഹി നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തിയവരെ പരിശോധനയ്ക്ക് വിധേയരാക്കും.ബന്ധപ്പെട്ട ജില്ലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.'
- പിണറായി വിജയൻ, മുഖ്യമന്ത്രി.