collector

ന്യൂഡൽഹി:കൊറോണ ലോക്ക് ഡൗണിൽ വലയുന്ന ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള ഹെൽപ്പ് ലൈനിൽ വിളിച്ച് ചൂട് സമോസ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട ഉത്തർപ്രദേശിലെ യുവാവിന് മജിസ്ട്രേട്ട് പണികൊടുത്തു.

രാംപൂർ സ്വദേശിയായ യുവാവാണ് ജില്ലാ മജിസ്‌ട്രേട്ട് ഓഫീസിലെ കൺട്രോൾ റൂമിലെ ഹെൽപ്പ് ലൈനിൽ വിളിച്ച് സമോസ ആവശ്യപ്പെട്ടത്. വീണ്ടും വീണ്ടും വിളിച്ചതോടെ ജില്ലാ മജിസ്‌ട്രേട്ട് അജനി കുമാർ സിംഗ് സമോസയുമായി നേരിട്ടെത്തി. സമോസ നൽകിയശേഷം ഒരു ഉത്തരവും നൽകി. സ്ഥലത്തെ മുഴുവൻ ഓടയും ഉടൻ വൃത്തിയാക്കണം. സാഹചര്യത്തിന്റെ ഗൗരവം വകവയ്‌ക്കാതെ ഇത്തരം നിസാര കാര്യങ്ങൾക്ക് വിളിച്ച് ഉദ്യോഗസ്ഥരെ മിനക്കെടുത്തിയതിന്റെ ശിക്ഷയായിരുന്നു അത്. യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഓട വൃത്തിയാക്കുന്ന ചിത്രം റാംപൂർ ജില്ലാ കളക്ടർ പുറത്ത് വിട്ടു.