ന്യൂഡൽഹി: കൊറോണ രോഗം പകരാതിരിക്കാൻ മാസ്കും സാനിറ്റൈസറും കൈയുറകളും രോഗികൾക്കും ഡോക്ടർമാർക്കും ആവശ്യത്തിലേറെ ലഭ്യമാക്കുന്നുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രാലത്തിൻ്റെ വാദം അസ്ഥാനത്താക്കി സ്വയം സുരക്ഷയ്‌ക്ക് ഹെൽമറ്റും റെയിൻകോട്ടും ഉപയോഗിക്കേണ്ട ഗതികേടിൽ രാജ്യത്തെ ഡോക്ടർമാർ അടങ്ങിയ ആരോഗ്യപ്രവർത്തകർ. ഹെൽമറ്റും റെയിൻകോട്ടും സുരക്ഷാ കവചമാക്കി ചികിത്സയിലേർപ്പെടുന്ന കൊൽക്കത്തയിലേയും ഹരിയാനയിലേയും ഡോക്ടർമാരുടെ ചിത്രങ്ങൾ അടക്കമാണ് ദേശീയ മാദ്ധ്യമങ്ങൾ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
കിഴക്കൻ കൊൽക്കത്തയിലെ ബെലിയാഗഡ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സുരക്ഷാ കവചമായി റെയിൽകോട്ടുകൾ ധരിച്ചാണ് ജൂനിയർ ഡോക്ടർമാർ ചികിത്സ നടത്തുന്നത്.മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നും സ്വന്തം ജീവൻ നഷ്ടപ്പെടുത്താനുള്ള പേടിമൂലമാണ് റെയിൻ കോട്ടുകൾ ധരിച്ച് ചികിത്സ നടത്തിയെന്നും ഡോക്ടർമാർ പറയുന്നു. വടക്കൻ ഹരിയാനയിൽ ജില്ലാ ഇ.എസ്.ഐ. ആശുപത്രിയിൽ എൻ95 മാസ്ക് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഹെൽമറ്റ് ധരിച്ചാണ് ജോലി ചെയ്യുന്നത്.തുണികൊണ്ട് മൂക്കും വായും മറച്ചശേഷം അതിന് മുകളിൽ ഹെൽമറ്റ് ധരിക്കുമ്പോൾ രോഗബാധയിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഡോക്ടർമാർ പറയുന്നത്.