corona

ന്യൂഡൽഹി: പത്തനംതിട്ടയും കാസർകോടും അടക്കം രാജ്യത്തെ പത്ത് കേന്ദ്രങ്ങൾ കൊറോണ വ്യാപനത്തിന് സാദ്ധ്യതകൂടിയ ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശത്തെ ഒരു ക്ളസ്‌റ്ററായാണ് കണക്കാക്കുന്നത്. ഒന്നിലധികം ക്ളസ്റ്ററുകളുള്ള സ്ഥലമാണ് ഹോട്ട്സ്‌പോട്ടുകൾ, ഇവിടെ ആളുകൾ സമൂഹഅകലം പാലിച്ച് ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

1. നിസാമുദ്ദീൻ (ഡൽഹി): വിദേശികൾ അടക്കം 2000ഓളം പ്രതിനിധികൾ പങ്കെടുത്ത തബ് ലീഗ് സമ്മേളനം നടന്ന വേദി. 200ൽ അധികംപേർ നിരീക്ഷണത്തിൽ

2. ദിൽഷാദ് ഗാർഡൻ (ഡൽഹി): സൗദിയിൽ നിന്ന് മടങ്ങിയെത്തിയ 38കാരി വഴി രോഗം പടർന്നു. ഇവരെ പരിശോധിച്ച ഡോക്‌ടർ വഴി 1200ഓളം ആളുകൾ നിരീക്ഷണത്തിൽ.

3. ബിൽവാര (രാജസ്ഥാൻ): സ്വകാര്യ ആശുപത്രിയിലെ ആറ് ഡോക്ടർമാരടക്കം മെഡിക്കൽ സ്‌റ്റാഫിന് രോഗം. ചികിത്സയ്‌ക്കെത്തിയവരും ബന്ധുക്കളും പരിചയക്കാരും അടക്കം ലക്ഷത്തിലേറെ പേരുടെ വിവരങ്ങൾ പരിശോധിച്ചു. 6000 പേർ ക്വാറന്റൈനിൽ. 26 പേർക്ക് രോഗബാധ. രണ്ടു മരണം.

4. മീററ്റ് (യു.പി): ദുബായിൽ നിന്നെത്തിയ ആൾ വഴി 13പേർക്ക് രോഗബാധ. പലരിലേക്കും രോഗം പടർന്നതായി സംശയം. 35പേർ നിരീക്ഷണത്തിൽ.

5. ഗൗതംബുദ്ധ നഗർ (യു.പി): 38 പേർക്ക് രോഗം.1,865പേർ നിരീക്ഷണത്തിൽ. 268പേരെ ക്വാറന്റൈൻ ചെയ്‌തു. രോഗംപകർന്നത് വിദേശത്തു നിന്നെത്തിയ നോയിഡയിലെ കമ്പനി ജീവനക്കാരൻ വഴി.

6. മുംബയ് (മഹാരാഷ്‌ട്ര): ചേരികൾ വഴി രാജ്യത്ത് സമൂഹവ്യാപനത്തിന് സാദ്ധ്യതയുള്ള പ്രദേശം.

7. പൂനെ (മഹാരാഷ്‌ട്ര): ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമായ പൂനെയിലും ഒന്നിലധികം ക്ളസ്‌റ്ററുകൾ രൂപപ്പെട്ടു. പൂനെയിലും തൊട്ടടുത്ത പിംപ്രി ചിഞ്ച്‌വാദ് മുനിസിപ്പാലിറ്റിയിലുമായി 40ലേറെ കേസുകൾ. വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ് രോഗം പടർത്തിയത്.

8. അഹമ്മദാബാദ് (ഗുജറാത്ത്): മൂന്ന് മരണം അടക്കം അഞ്ച് കേസുകൾ. നൂറുകണക്കിന് ആളുകളിലേക്ക് രോഗം പടർന്നതായി സംശയം.

9.. കാസർകോട്: ദുബായിൽ നിന്നെത്തിയ ആൾ വഴി നൂറുകണക്കിന് ആളുകൾക്ക് രോഗം പടർന്നായി സംശയിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹോട്ട്‌ സ്‌പോട്ട്

10. പത്തനംതിട്ട: ഇറ്റലി, ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവർ വഴി രോഗം പടരുന്ന സ്ഥലം.