ആലുവ: കീഴ്മാട് പഞ്ചായത്തിലെ ടി.സി.എസ് സെന്ററിലെ പരീക്ഷകൾ നിർത്തിവെക്കണമെന്ന് കീഴ്മാട് പഞ്ചായത്തിലെ 'ബ്രേക്ക് ദ ചെയിൻ' കാമ്പയിൻ ആവശ്യപ്പെട്ടു. ദിവസേന 300 പരീക്ഷാർത്ഥികൾ വീതം മൂന്ന് ബാച്ചിലായി 900 പേരാണ് ഇന്ന് മുതൽ പരീക്ഷയെഴുതാൻ ഇവിടെയെത്തുന്നത്. കൂടാതെ കൂട്ടിന് വരുന്ന ആളുകൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ എത്തും.

കൊറോണ അവലോകന യോഗത്തിൽ എം.എൽ.എ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന് സാനിറ്റൈസർ നൽകി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും സാനിറ്റൈസറുകൾ നൽകും,
പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ നിർബന്ധമാക്കും.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, മെഡിക്കൽ ഓഫീസർ ഡോ. ലിസി സെബാസ്റ്റ്യൻ, പി.ബി. അന്ത്രു എന്നിവർ സംസാരിച്ചു.
പഞ്ചായത്തിൽ 68 പേർ ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ അഞ്ച് പേരെ 28 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഒഴിവാക്കി. ബാക്കി 63 പേരുണ്ട്.