y-con
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവയിൽ നടത്തിയ ചക്രംസ്തംഭന സമരം

ആലുവ: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിട്ടും ആനുപാതികമായി ഇന്ധനവില കുറയ്ക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിൽ ചക്രംസ്തംഭന സമരം നടത്തി.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അഞ്ച് മിനിറ്റ് മാത്രമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ലത്തീഫ് പൂഴിത്തറ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ജോസി പി. ആൻഡ്രൂസ്, ജിൻഷാദ് ജിന്നാസ്, എം.എ ഹാരിസ്, എം.ഐ ഇസ്മായിൽ, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ് എന്നിവർ നേതൃത്വം നൽകി.

യൂത്ത് ഫ്രണ്ട് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി പ്രതീകാത്മക സമരം നടത്തി. നഗരത്തിലെ പെട്രോൾപമ്പിന് മുന്നിൽ ഇരുചക്ര വാഹനത്തിന്റെ ചക്രങ്ങൾ മാറ്റി കട്ടപ്പുറത്തുവച്ചു പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ്, വൈസ് പ്രസിഡന്റ് ഫെനിൽ പോൾ എന്നിവർ നേതൃത്വം നൽകി.