കൊച്ചി: ജയിൽ അന്തേവാസികൾ ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങൾ മെട്രോ സ്റ്റേഷനിലും ഹിറ്റ്. രണ്ടു ദിവസം മുമ്പ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലും കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപവും ആരംഭിച്ച കൗണ്ടറിൽ ഭക്ഷ്യവിഭവങ്ങളും മറ്റുത്പന്നങ്ങളും ലഭിക്കും. കാക്കനാട്ടെ ജില്ലാ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറി നിർമ്മിക്കുന്ന വിഭവങ്ങൾ പുറത്തെ കൗണ്ടറിൽ വർഷങ്ങളായി പ്രിയങ്കരമാണ്. മെട്രോ സ്റ്റേഷനിലെ ഉദ്ഘാടനം ജയിൽ മേധാവി ഋഷിരാജ്സിംഗ് നിർവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷനാണ് നടത്തിപ്പ്. രണ്ടാം കൗണ്ടർ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപവും തുറന്നു. വിലക്കുറവും ഗുണമേന്മയുമാണ് ജയിൽ ഭക്ഷണത്തിന്റെ മികവ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വില്പനകേന്ദ്രങ്ങൾ തുറക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു.
വിഭവങ്ങൾ വില
ചപ്പാത്തി 10 എണ്ണം : 20
ബിരിയാണി : 65
വെജിറ്റബിൾ ബിരിയാണി : 50
പൊതിച്ചോറ് : 40
നെയ്ചോറ് : 35
ചില്ലി ചിക്കൻ : 65
ചില്ലി ഗോബി : 20
മുട്ടക്കറി : 15
വെജിറ്റബിൾ കറി : 20
കുപ്പിവെള്ളം : 10
ചെറുകടി, ചായ : 6
ഉണ്ണിയപ്പം 10 എണ്ണം : 30
അപ്പം 10 എണ്ണം : 30