കൊച്ചി: പരീക്ഷാക്കലം എത്തിയതോടെ വിദ്യാർത്ഥികളുടെ പേടിയും രക്ഷിതാക്കളുടെ ഹൃദയമിടിപ്പും പെരുകിയാൽ പിരിമുറുക്കം വേണ്ട. നിയന്ത്രിക്കാൻ വഴിയുണ്ട്. മന:ശാസ്ത്രജ്ഞരും കൗൺസിലർമാരും സഹായം നൽകാൻ 24 മണിക്കൂറും റെഡി. മാനസിക സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ കൗൺസിലർമാർ ഫോണിൽ ടോൾ ഫ്രീ നമ്പറുകളിലും ഉപദേശം നൽകും. മാനസികാരോഗ്യ വിദഗ്ദ്ധർ ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
പഠിച്ചതെല്ലാം ഓർത്തു വയ്ക്കുവാൻ സാധിക്കുമോ, ഉയർന്ന മാർക്കുവാങ്ങി പ്രതീക്ഷകൾക്കൊത്തു ഉയരാനാകുമോ തുടങ്ങിയ ചിന്തകളാണ് കുട്ടികളെ അലട്ടുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടേയും മുന്നിൽ തലകുനിക്കേണ്ടി വരുമെന്ന ഭയം അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുന്നു.
പരീക്ഷാക്കാലത്ത് പ്രത്യേക കൗൺസിലിംഗ് സൗകര്യം
സംസ്ഥാന സർക്കാറിന്റെ ദിശ ഹെൽപ്പ്‌ലൈൻ,
സി.ബി.എസ്.ഇ. ഹെൽപ്പ് ലൈൻ,
വീ ഹെൽപ്പ് ഹെൽപ്പ് ലൈൻ,
ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ,
സ്വകാര്യ കൗൺസിലിംഗ് സെന്ററായ മൈത്രി എന്നിവ ഒരുക്കിയിട്ടുണ്ട്.
എല്ലാം 24 മണിക്കൂർ ടോൾ ഫ്രീ. എറണാകുളം മൈത്രി ഹെൽപ്പ് ലൈനിലേക്ക് വിദ്യർത്ഥികൾക്കും രാവിലെ 10 മുതൽ വൈകിട്ട് ഒമ്പത് വരെ വിളിക്കാം.
മൂന്നാം ക്ളാസുകാരൻ പിന്നോട്ട് അമ്മയ്ക്ക് കൗൺസലിംഗ്
രണ്ടു വർഷം മുമ്പ് വരെ ക്ലാസിൽ ഒന്നാമൻ. കഴിഞ്ഞ മോഡൽ പരീക്ഷയിൽ എല്ലാത്തിനും പിന്നാക്കം പോയി. പഠനത്തിലും തീരെ ശ്രദ്ധയില്ല. കുട്ടിയെ കൗൺസിൽ ചെയ്യാൻ അമ്മ ദിശ ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിച്ചു. മൂന്നാം ക്ലാസുകാരനാണ് കൗൺസിലിംഗെന്ന് അറിഞ്ഞ കൗൺസിലർ ഞെട്ടി ! രക്ഷിതാക്കളുടെ സമ്മർദ്ദം കുട്ടിയിൽ സ്വഭാവ വൈകല്യത്തിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും കൊണ്ടെത്തിച്ചതെന്ന് സംസാരിച്ചപ്പോൾ കൗൺസിലർക്ക് മനസിലായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയായിരുന്നു പോംവഴി.
ടോൾ ഫ്രീ നമ്പറുകൾ ഇവ:
ദിശ, തിരുവനന്തപുരം: 1056 , 0471 2552056
വീ ഹെൽപ്പ് ഹെൽപ്പ് ലൈൻ, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ: 1800 425 2585
സി.ബി.എസ്.ഇ ഐ.വി.ആർ ടോൾഫ്രീ നമ്പർ: 1800 11 8004
മെത്രി ഹെൽപ്പ് ലൈൻ : 91 484 2540530.
അമിത ഉത്കണ്ഠ ആപത്ത്
കുട്ടികളിലെ പരീക്ഷാപേടി അമിത ഉത്കണ്ഠയിലെത്തിക്കും. അസ്വസ്ഥത, ഉറക്കക്കുറവ്, അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, ശ്വാസതടസം, മൂത്രശങ്ക, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എളുപ്പത്തിൽ പഠിക്കാനും ഓർമ്മിച്ചെടുക്കാനുമുള്ള പഠനരീതികൾ, റിലാക്‌സേഷൻ തെറാപ്പി എന്നിവ വഴി കുട്ടികളെ ശാന്താരാക്കാം.
ഡോ. സന്ദീഷ് പി.ടി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഗവ. മെന്റൽ ഹെൽത്ത് സെന്റർ
കോഴിക്കോട്
തുടക്കം മുതൽ കരുതൽ നൽകണം
അദ്ധ്യയന വർഷാരംഭം മുതൽ പരീക്ഷാപ്പേടിയെ അഭിമുഖീകരിക്കണം. കുട്ടികളെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കണം. മാതാപിതാക്കളുടെ സമ്മർദ്ദം അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. കുട്ടികളുടെ മനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പാഠങ്ങൾ അദ്ധ്യയനത്തിന്റെ ഭാഗമാക്കണം.
ഡോ. ജെന്നി റാഫേൽ
സൈകോളജിസ്റ്റ്
ചൈൽഡ് ആൻഡ് അഡോളസന്റ്