നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട് 'ഗാന്ധിനിലയം' വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസീസ് തറയിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, സി.യു. ജബ്ബാർ, പി.വി തോമസ്, ഷിജി പ്രിൻസ്, രൻഞ്ചിനി അംബുജാക്ഷൻ, എം.പി. തോമസ്, പി.എ. കുഞ്ഞ് മുഹമ്മദ്, ലിജി ജോസ്, ഷീബ കുട്ടൻ, ടി.കെ. അജികുമാർ എന്നിവർ സംസാരിച്ചു. റബർ മിഷൻ പദ്ധതിയിൽപ്പെടുത്തി 65 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്.
ദൈനംദിന ചെലവിനായി ഒരു വർഷത്തേയ്ക്ക് 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് നേരവും ഭക്ഷണം, വ്യായാമത്തിനും, യോഗയ്ക്കും, ടി വി കാണുന്നതിനും, പത്രമാസികകൾ വായിയ്ക്കുന്നതിനുമുള്ള സൗകര്യം എന്നിവയുമുണ്ട്. സന്ദർശകരായ വിദ്യാർത്ഥികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാം. മാതാപിതാക്കളുടെമുത്തശ്ശി കഥകൾ കേൾക്കുവാനുള്ള സൗകര്യമുണ്ട്. കുത്തിയതോട് ആരംഭിക്കുന്ന പകൽ വീടിന്റെ നിർമ്മാണം 90 ശതമാനവും പൂർത്തിയാക്കിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.