മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാനം കോളനി നിവാസികൾക്ക് വയറിളക്കം. 10ഓളം ആളുകളാണ് വയറിളക്കം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.പ്രദേശത്ത് കുടിവെള്ളത്തിൽ നിന്നുമാണ് രോഗം പിടിപെടാൻ കാരണമെന്ന് സൂചന. ഇതിനെ തുടർന്ന് കുടിവെള്ള ടാങ്ക് ശുചീകരിക്കുകയും കുടിവെള്ളം പമ്പ് ചെയ്യുന്ന കിണർ ക്ലോറിനേറ്റ് നടത്തുകയും ചെയ്തു. കോളനിൽ അധികം പേരും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വയറിളക്കത്തിന് മറ്റ് കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലൂർക്കാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവത്കരണം നടത്തുകയും ക്ലോറിൻ ടാബ്ലറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഒ.ആർ.എസ്.ലായനിയും വിതരണം ചെയ്തു. വയറിളക്കത്തെ തുടർന്ന് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ സാമ്പിൾ കാക്കനാട് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിസൽട്ട് വരുന്ന മുറയ്ക്കാണ് രോഗത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുകയുള്ളു.ആശങ്കപ്പെടേണ്ടതില്ലെന്നും തിളപ്പിച്ചാറ്റിയ വെള്ളമടക്കം പ്രതിരോധ മാർഗ്ഗങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ

അയക്കണം;എം.എൽ.എ


രോഗം പടർന്ന് പിടിച്ച പ്രദേശങ്ങളിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി രോഗം പടർന്ന് പിടിക്കാനുണ്ടായ കാരണം കണ്ടെത്തണമെന്ന് എൽദോ എബ്രഹാം എം.എൽ.എ ഇന്നലെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അഡീഷണൽ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തിയാതായും എം.എൽ.എ. അറിയിച്ചു.