പുത്തൻകുരിശ്: പു​റ്റുമാനൂർ ഗവ. യുപി സകൂൾ സമ്പൂർണ ഹൈടെക്കായി. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനത്തിലാണ്. ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാൻ മികച്ച ലാബ്, എല്ലാ ക്ലാസിലും അതിവേഗ ഇന്റർനെ​റ്റ് കണക്ഷൻ, ടൈലുകൾ പാകി ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയ ക്ലാസ് മുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.പുത്തൻകുരിശ് പഞ്ചായത്തിന്റെ കീഴിൽ സ്ഥിതിചെയ്യുന്ന ഈ പൊതുവിദ്യാലയം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.
ഈ അദ്ധ്യായന വർഷം പഞ്ചായത്തിന്റെയും അമ്പലമേട്ടിൽ സ്ഥിതി ചെയ്യുന്ന കേരള എൻവയറോ ഇൻഫ്രാ സ്ട്രക്ച്ചർ ലിമ​റ്റഡ് കമ്പിനിയുടെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. പഞ്ചായത്തംഗം ലിസി ഏലിയാസ് അദ്ധ്യക്ഷയായി. കമ്പനി സി.ഇ.ഒ എൻ.കെ പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ പോൾ, ഗീതാ സുകുമാരൻ, ലീനാ മാത്യു, എൻ.യു ബിജു, മിനി വി.ഐസക്ക്, പി.വി തോമസ്, കെ.എസ് മേരി എന്നിവർ സംസാരിച്ചു.