life-mission

കൊച്ചി: സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാവർക്കും പ്രത്യേക പദ്ധതി ആവിഷ്കരിച്ച് വീട് നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ന്റെ വാർഷിക സമ്മേളനവും ശതവാർഷിക പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

റീബിൽഡ് കേരള പദ്ധതി ശക്തമായി മുന്നോട്ട് കൊണ്ടുപോവും. നൂറു വർഷത്തെ റോട്ടറിയുടെ സേവനം നിസാരമല്ല. സർക്കാരുമായി ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടേറെ മേഖലകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയബാധിതർക്ക് റോട്ടറി നിർമ്മിച്ച 28 വീടുകൾ മുഖ്യമന്ത്രി കൈമാറി. 52 വീടുകളുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു. കൊച്ചിയിലും തൃശൂരിലും ആരംഭിക്കുന്ന മുലപ്പാൽ ബാങ്കുകളുടെ ഉദ്ഘാടനം, പാവപ്പെട്ട രോഗികൾക്ക് സ്തനാർബുദ ചികിത്സ, അമൃത ആശുപത്രിയുമായി സഹകരിച്ച് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ പദ്ധതി, ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പീഡിയാട്രിക് ഓങ്കോളജി വാർഡ്, കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ തീപ്പൊള്ളൽ ചികിത്സ, കുട്ടികൾക്ക് ഡിഫോർമേഷൻ കറക്ഷൻ സർജറി, എറണാകുളം, തൃശൂർ ജില്ലകളിൽ അഞ്ച് ഡയാലിസിസ് കേന്ദ്രങ്ങൾ, പോസിറ്റിവ് ഹെൽത്ത് സ്റ്റോപ്പ് എൻ.സി.ഡി പദ്ധതി, റെസ്‌പോൺസിബിൾ ഇന്ത്യ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

റോട്ടറി ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഡയറക്ടർ കമൽ സാംഘ്‌വി മുഖ്യപ്രഭാഷണം നടത്തി. വീട് നിർമാണത്തിന് സഹകരിച്ച എ.ടി.ഒ.എസ് മുംബെയ് ഡയറക്ടർ നാസിർ ഷെയ്ഖ്, റോട്ടറി കാൻസർ കെയർ പദ്ധതികളുടെ ബ്രാൻഡ് അംബാസഡർ ചലച്ചിത്രതാരം ആശാ ശരത് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ, പി.ഡി.ജി മെഡികെയർ, ഹൈബി ഈഡൻ എം.പി., ജയശങ്കർ, കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ഡോ. ജി.എൻ. രമേശ്, പി.ടി. തോമസ് എം.എൽ.എ എന്നിവർ പങ്കെടുത്തു.