കൊച്ചി: മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമ്മാണം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടാഗ്രഹിക്കുന്ന പാവങ്ങൾക്ക് അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാൻ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സഹായ സഹകരണവും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മഹാപ്രളയത്തിൽ ഭവനരഹിതരായവർക്കായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സാമൂഹ്യപ്രവർത്തന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ആസ്റ്റർ ഹോംസ് എന്ന ഭവനനിർമാണ സംരംഭത്തിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച 100 വീടുകളുടെ താക്കോൽദാനം എറണാകുളം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയർ സൗമിനി ജെയിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭവന നിർമാണത്തിൽ പങ്കാളിയായ റോട്ടറി ഇന്റർനാഷണലിനെയും ദുരിതബാധിതർക്ക് ഭൂമി നൽകിയവരെയും മുഖ്യമന്ത്രി ആദരിച്ചു.

വയനാട്ടിൽ 45, എറണാകുളത്ത് 33, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 7 വീതവും കോഴിക്കോട്ട് 4, പത്തനംതിട്ട 5 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 2019ലെ ഉരുൾപൊട്ടൽ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറ, വയനാട് ജില്ലയിലെ പുത്തുമല എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സന്നദ്ധസംഘടനകളും വ്യക്തികളും സംഭാവന ചെയ്ത സ്ഥലങ്ങളിൽ ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്റ്റർ ഹോംസ് വീടുകൾ നിർമിച്ചു നൽകുമെന്നും ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, എസ്. ശർമ, വി.ഡി. സതീശൻ, ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത്, ജില്ലാ കളക്ടർ എസ്. സുഹാസ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ, ആസ്റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.