കൊച്ചി: നഷ്ടപ്പെട്ടുപോയ മുഖച്ഛായ വീണ്ടെടുക്കാനായി ഭീഷണികൾക്ക് വഴങ്ങാതെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥരെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ 40ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തൊട്ടുമുന്നത്തെ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുവർഷത്തിനിടെ മയക്കുമരുന്ന് കേസുകളിൽ 807 ശതമാനവും അബ്കാരി കേസുകളിൽ 27 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്.
വകുപ്പിൽ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവരും. ഓഫീസർമാർക്ക് ആയുധപരിശീലനം നൽകും. ഡ്യൂട്ടി നിർവഹിക്കുന്നവർക്ക് പൂർണ സംരക്ഷണം നൽകും. ചെക്ക്പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമാക്കണമെന്നും പരിശോധനാ സമയങ്ങളിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ഒ.എ സംസ്ഥാന പ്രസിഡന്റ് വി.പി സുലേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിൻ മുഖ്യസാന്നിദ്ധ്യമായി. കെ.എസ്.ഇ.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.അശോക് കുമാർ, എം.എൽ.എമാരായ എം.സ്വരാജ്, ടി.ജെ വിനോദ്, അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയൽ, എക്സൈസ് വിജിലൻസ് ഓഫീസർ കെ.മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മീഷണർ പി.വി മുരളി കുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർമാരായ ഡി.സന്തോഷ്, കെ.എ ജോസഫ്, വി.ജെ മാത്യു, കെ.എ നെൽസൺ, മുഹമ്മദ് റഷീദ്, കെ.സുരേഷ് ബാബു, എ.അബ്ദുൾ കലാം, കെ.എസ്.ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്ത്, സംസ്ഥാന ട്രഷറർ എൻ.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
എക്‌സൈസ് ക്രൈംബ്രാഞ്ച് വിപുലീകരിക്കുക, പുതുതായി രൂപീകരിച്ച എല്ലാ താലൂക്കുകളിലും എക്‌സൈസ് സർക്കിൾ ഓഫീസ് രൂപീകരിക്കുക, പൊലീസ് കാന്റീൻ മാതൃകയിൽ എക്‌സൈസ് ജീവനക്കാർക്ക് കാന്റീൻ അനുവദിക്കുക, എക്‌സൈസ് ഇന്റലിജൻസ് സംവിധാനം ശക്തപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.