കൊച്ചി: പാഠപുസ്‌തകങ്ങളുടെ അച്ചടി കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റി ഏറ്റെടുത്തതോടെ പുസ്തകങ്ങൾക്കായി കുട്ടികൾ കാത്തിരിക്കേണ്ട സാഹചര്യം ഇല്ലാതായെന്നും പുസ്തകം കിട്ടാനില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഹരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ വിതരണോദ്ഘാടനം കാക്കനാട് കെ.ബി.പി.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകങ്ങളുടെ വിതരണത്തിന് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നീതി ആയോഗിന്റെ ക്വാളിറ്റി ഇൻഡെക്സ് റിപ്പോർട്ടിൽ 82 പോയിന്റുകളാണ് നമുക്ക് ലഭിച്ചത്.
2020 - 2021 കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സുവർണ വർഷമായിരിക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
ആലുവ അന്ധ വിദ്യാലയത്തിലെ നാലാം ക്ളാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി അശ്വിനിക്കും മുഖ്യമന്ത്രി പുസ്തകങ്ങൾ കൈമാറി. കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റിയുടെ 40 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്പെഷ്യൽ പോസ്റ്റൽ കവറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. തപാൽ വകുപ്പ് സെൻട്രൽ റീജിയണൽ ഡയറക്ടർ ആർ. ജോസഫ് രാഹുൽ കവർ ഏറ്റുവാങ്ങി. കെ.ബി.പി.എസ് ചെയർമാനും എം.ഡിയുമായ ഡോ. സൂര്യ തങ്കപ്പൻ, കളക്ടർ എസ്. സുഹാസ്, ഹൈബി ഇൗഡൻ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, എൽദോസ് കുന്നപ്പിള്ളി, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ പ്രവീൺ എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി പറഞ്ഞത്:
3.23 കോടി പുസ്തകങ്ങൾ വിതരണത്തിനായി തയ്യാറാക്കി.
3.38 ലക്ഷം പുസ്തകങ്ങൾ അറബി, ഉറുദു, കന്നട, തമിഴ് ഭാഷകളിൽ അച്ചടിച്ചു
1 -7 ക്ളാസുകളിലെ പുസ്തങ്ങൾ ഇക്കൊല്ലത്തെ അവസാന പരീക്ഷാ ദിവസം നൽകും
10 -ാം ക്ളാസിലെ പുസ്തകങ്ങൾ 9-ാം ക്ളാസിലെ ഫലപ്രഖ്യാപന ദിവസം നൽകും.
8,9 ക്ളാസുകളിലെ പുസ്തകങ്ങൾ ഏപ്രിൽ - മേയ് മാസങ്ങളിൽ വിതരണം ചെയ്യും.