തകർന്നടിഞ്ഞ റോഡിൽ നരകയാത്ര
വൈറ്റില: പൊന്നുരുന്നി സന്മാർഗപ്രദീപം യോഗം ശ്രീനാരായണേശ്വരം ക്ഷേത്രത്തിന്റെ മുന്നിലുടെ പോകുന്ന വൈലോപ്പിള്ളി റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഒമ്പത് മാസത്തോളമായി. ടൈൽ വിരിച്ച് റോഡ് നന്നാക്കുവാനുള്ള ടെണ്ടർ പാസായിട്ടും മാസങ്ങൾകഴിഞ്ഞു. മഹാകവി വൈലോപ്പിള്ളിയുടെ പേരിന് തന്നെ കളങ്കമായി മാറുകയാണ് വൈലോപ്പിള്ളി റോഡ്.
വാട്ടർഅതോറിട്ടി വെട്ടിപ്പൊളിച്ചാണ് തിരക്കേറിയ റോഡ് തകരാറിലാക്കിയത്. പണികൾ പൂർത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉഴപ്പുകയാണ്. സമീപത്തുതന്നെയുളള സ്കൂൾകുട്ടികൾക്കും, ഹോസ്പിറ്റലിലേക്ക് വരുന്നരോഗികൾക്കും ക്ഷേത്രവിശ്വാസികൾക്കുമൊക്കെ കടുത്ത ബുദ്ധിമുട്ടുകളായി മാറിയിട്ടും അധികൃതർ അനങ്ങുന്നില്ല.
തകർന്ന റോഡിലൂടെ വലിയ വാഹനങ്ങളും, കണ്ടെയ്നറുകളും ദിവസേന നൂറ് കണക്കിന് ടിപ്പർ ലോറികളും പോകുമ്പോഴുണ്ടാകുന്ന പൊടിശല്യത്തിൽ പ്രദേശവാസികൾ ശ്വാസം മുട്ടികഴിയുകയാണ്.
പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല
എറണാകുളത്ത് നിന്നും, വൈറ്റില വഴിയും,പാലാരിവട്ടത്തുനിന്നും തമ്മനം വഴിയും ദേശീയപാതയിലേക്ക് പ്രവേശിച്ച് ഇടപ്പള്ളി ഭാഗത്തേക്കും അരൂർ ഭാഗത്തേക്കും പോകുന്നത് വൈലോപ്പിള്ളി റോഡിനെ ആശ്രയിച്ചാണ്. ഒരു മാസം മുമ്പേ നാട്ടുകാരും വിവിധ സംഘടനകളും ശ്രീനാരായണേശ്വരംക്ഷേത്രം ഭാരവാഹികളും ജില്ലാഭരണകൂടത്തിനും, പൊതുമരാമത്ത് എൻജിനീയർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
റോഡ് ഉപരോധിച്ചു
റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ സന്മാർഗപ്രദീപ യോഗം പ്രവർത്തകരും ഭക്തരുമടങ്ങുന്ന ജനക്കൂട്ടം റോഡ് ഉപരോധിച്ച് സമരം ചെയ്തു. എസ്.പി.യോഗം സെക്രട്ടറി എം.കെ.രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പ് സഞ്ചാരയോഗ്യമാക്കിത്തരണമെന്ന് ഒരുമാസം മുമ്പ് ക്ഷേത്രം ഭാരവാഹികൾ ജില്ലാ കളക്ടർക്കും മറ്റും പരാതി നൽകിയിരുന്നു. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിവിട്ടയച്ചു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ യോഗം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് സെക്രട്ടറി എം.കെ.രമേശ്ബാബു പറഞ്ഞു.
ചർച്ചയിലെ തീരുമാനം വാക്കിലൊതുങ്ങി
ഫെബ്രുവരി 29ന് അധികൃതരും രാഷ്ട്രീയ സംഘടനാ നേതാക്കളും ചേർന്ന് നടത്തിയ ചർച്ചയിൽ വൈകീട്ട് 7മണിക്ക് തന്നെ റോഡിന്റെ പണികൾ ആരംഭിക്കാമെന്നും 5 ദിവസം രാത്രിയും പകലും പണിചെയ്തുകൊണ്ട് വൈറ്റില മുതൽ ക്ഷേത്രത്തിന്റെ മുൻവശം വരെ ടൈൽവിരിച്ച് സഞ്ചാര യോഗ്യമാക്കും എന്നമായിരുന്നു തീരുമാനം. എന്നാൽ പകൽ പണി നടത്തുവാൻ പൊലീസ് സമ്മതിക്കാത്തിനാൽ നിർമ്മാണ സാമഗ്രികൾ ഇറക്കാൻ കഴിയതെ റോഡ് പണി വീണ്ടും അനിശ്ചിതത്വത്തിലായി.
ഇന്ന് മുതൽ പണി ആരംഭിക്കും
ഇന്ന് കൊടിയേറുന്ന ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കി തരണം എന്ന് ഒരുമാസം മുമ്പ് ജില്ലാകളക്ടർക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു.
റോഡ് പണി തുടങ്ങിയപ്പോൾ ട്രാഫിക്ക് പൊലിസ് തടഞ്ഞതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ഉപരോധിച്ചത്. മറ്റൊരു വഴിയിലൂടെ വാഹനം തിരിച്ചുവിട്ട് ഇന്നുമുതൽ വൈലോപ്പിള്ളിറോഡ് അടച്ചിട്ടുകൊണ്ട് പണികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
എം.കെ.രമേശ് ബാബു,സെക്രട്ടറി ശ്രീനാരായണേശ്വരം ക്ഷേത്രം