koovappady-block
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ കമ്മിറ്റിയോഗം ബഹിഷ്‌ക്കരിച്ച് ഭരണകക്ഷി അംഗങ്ങൾ പുറത്തേക്കിറങ്ങുന്നു

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ കമ്മറ്റിയോഗം ഭരണകക്ഷി അംഗങ്ങൾ തന്നെ ബഹിഷ്‌കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യാതെ ബ്ലോക്ക് പഞ്ചായത്തിന്റെ അക്കൗണ്ടിൽ കിടന്ന 1 കോടി 41 ലക്ഷം രൂപ ബി.ഡി.ഒ.പ്രസിഡന്റിന്റെ അനുമതിയോടെ തിരിച്ചടച്ചതാണ് അംഗങ്ങളുടെ എതിർപ്പിന് കാരണമായത്. മുൻ വർഷം പി. എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്ക് വേണ്ടി തുക വിനിയോഗിക്കാൻ സർക്കാർ അനുമതിക്കായി മിനി ബാബു പ്രസിഡന്റായിരുന്ന സമയത്ത് നടപടിയെടുത്തിരുന്നു.ഇതിന്റെ അനുമതിക്കായി കാത്തിരിക്കുന്ന സമയത്താണ് വേണ്ടത്ര ആലോചനയില്ലാതെ പണം തിരിച്ചടച്ചത്.1165 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണത്തിനായ് കാത്തിരിക്കുന്നത്.കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് ഇവരുടെ പേരുകൾ ഗ്രാമസഭകൾ അംഗീകരിച്ച് വരുകയാണ്.ഈ പണം തിരിച്ചതോടെ ഇനി ഈ പദ്ധതിക്ക് ബ്ലോക്ക് വിഹിതം വേറെ കണ്ടെത്തേണ്ടി വരും. ഐ.എ .വൈ പദ്ധതി പ്രകാരം സർക്കാർ അധിക ധനസഹായമായി 55 ലക്ഷം രൂപ നൽകാനുണ്ടായിരുന്നത് ഈ തുകയിൽ നിന്ന് നൽകണമെന്ന് മുൻപ് സർക്കാരിനോട് കമ്മറ്റി അഭ്യർത്ഥിച്ചിരുന്നു തുടർന്ന് 192 പേർക്കായി 55 ലക്ഷം രൂപ സർക്കാർ അനുവദിച്ചു .പി എം എ വൈ പദ്ധതിയിൽ ബ്ലോക്ക് വിഹിതം വയ്ക്കുവാനാണ് ഇപ്പോൾ സർക്കാരിനോട് അപേക്ഷിച്ചിരുന്നത് ഇതിന് സർക്കാർ മറുപടി വരുന്നതിനു മുൻപേ തിരിച്ചടച്ച നടപടി അംഗീകരിക്കില്ലെന് അംഗങ്ങൾ പറഞ്ഞു.പോൾ ഉതുപ്പ് ,കെ.പി.വർഗീസ് ,എം പി.പ്രകാശ് ,മിനി ബാബു ,സിസിലി ഈയോബ്, സീന ബിജു എന്നിവരാണ് യോഗം ബഹിഷ്‌ക്കരിച്ചത്. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷം കൂവപ്പടി ബ്ലോക്ക് ഒന്നാം സ്ഥാനത്തായിരുന്നു. ജില്ലയിൽ 14 ബ്ലോക്കുകളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.സംസ്ഥാനത്ത് ഇപ്പോൾ ബ്ലോക്ക് ഏറെ പിന്നിലും ജില്ലയിൽ ഏറ്റവും പിറകിലുമാണ്.