തൊടുപുഴ: വേദിയിൽ സത്യഭാമയായാണ് അമൃത വർഷ എത്തിയത്. കുച്ചിപ്പുടിയിൽ 'ലേഖ' എന്ന പരമ്പരാഗത നൃത്തം. വേദിയിൽ നിറഞ്ഞാടിയപ്പോൾ കൈയടിയും. ഫലം പ്രഖ്യാപനമെത്തിയപ്പോൾ അതിലും നിറഞ്ഞ സന്തോഷം. ഒന്നാം സ്ഥാനം.

വിവിധ ശാസ്‌ത്രീയ നൃത്ത വിഭാഗങ്ങളുടെ മത്സരത്തിലാണ് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ അമൃത വർഷ കുച്ചിപ്പിടി അവതരിപ്പിച്ചത്. വീടിനോട് ചേർന്ന് അമൃതവാണി നൃത്ത കലാപീഠം നടത്തുന്ന മാതാവ് സീമ തന്നെയാണ് പ്രധാന ഗുരു. കുച്ചിപ്പിടി അഭ്യസിച്ചത് ഇതേ വിദ്യാലയത്തിലെ അദ്ധ്യാപികയായ അനുപമയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു തവണ മോഹിനിയാട്ടത്തിലും അഞ്ചു തവണ മോണോ ആക്‌ടിലും ഒന്നാമതെത്തിയിരുന്നു. ഇനി മോഹിനിയാട്ടത്തിലും അമൃത വേദിയിലെത്തിലും. കേരളനടനത്തിൽ മത്സരിച്ചെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താനായില്ല.ഗായകനും നടനുമായ കണ്ണനാണ് പിതാവ്. കുച്ചിപ്പുടിയിൽ അനിയത്തിക്ക് മൃദംഗം വായിച്ചത് സഹോദരനായ ആകാശാണ്.