കൊച്ചി: കേരള വാട്ടർ അതോറിറ്റി കരാറുകാർ എറണാകുളം, ഇടുക്കി ജില്ലകളിൽ നടത്തി വന്ന അനിശ്ചിതകാല സമരം സമീപജില്ലകളിലേക്ക് വ്യാപിപ്പിക്കും.
ജലവിഭവ, ധന കാര്യ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിലാണിതെന്ന് കേരള വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.
മൂവാറ്റുപുഴയിൽ ചേർന്ന അടിയന്തര പൊതുയോഗത്തിലാണ് തീരുമാനം. രണ്ട് വർഷമായി കുടിശികയായ തുക ലഭിക്കാത്തതിനെ തുടർന്നാണ് ഫെബ്രുവരി 17 ന് സമരം ആരംഭിച്ചത്. എറണാകുളം, ഇടുക്കി ജില്ലകളിലെ പൈപ്പ്‌ലൈൻ അറ്റകുറ്റ പണികൾ ഉൾപ്പെടെയുള്ള എല്ലാ ജോലികളും മുടങ്ങിക്കിടക്കുകയാണ്.
വരൾച്ചാ,വെള്ളപ്പൊക്ക ദുരിതാശ്വാസ വർക്കുകളുൾപ്പെടെയുള്ള പ്ലാൻ വർക്കുകളുടെ കുടിശിക തീർക്കുക, കേരള ഷെഡ്യൂൾ ഒഫ് റേറ്റ് അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുക, ഇടെണ്ടർ നടപടി പൂർത്തിയായ വർക്കുകളുടെ ഇ.എം.ഡി തിരികെ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.