കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശിയുടെ മരണകാരണം കൊറോണയല്ലെന്ന് സ്ഥിരീകരണം ലഭിക്കുമ്പോഴും ജില്ലയിൽ രോഗഭീതി ഒഴിയുന്നില്ല. ഇന്നലെ 9 പേരെ കൂടി നിരീക്ഷണത്തിലാക്കി.

ഇതിൽ ഏഴുപേർ വീടുകളിലും രണ്ടു പേർ ആശുപത്രികളിലുമാണ്. മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ഐസൊലേഷൻ വാർഡുകളിലാണ് രണ്ടുപേർ കഴിയുന്നത്.

നിരീക്ഷണ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. 47 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കളമശേരിയിലെ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആളെ വിട്ടയച്ചു. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്നലെ രണ്ടു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 രണ്ട് ഫലവും നെഗറ്റീവ്

മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കൊറോണ ബാധ സംശയിച്ച് ഇദ്ദേഹത്തിന്റെ സാമ്പിളുകൾ പൂനെ എൻ.ഐ.വിയിലേക്ക് അയച്ചിരുന്നു. രണ്ട് സാമ്പിളുകളും നെഗറ്റീവ് ആണെന്ന ഫലമാണ് ഇന്നലെ ലഭിച്ചത്. ആദ്യ സാമ്പിൾ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹത്തിന് ന്യൂമോണിയ ആയിരുന്നുവെന്നും പ്രമേഹരോഗിയായതിനാൽ അണുബാധ മൂർച്ഛിച്ചാണ് മരണം സംഭവിച്ചതെന്നുമാണ് അധികൃതർ നൽകുന്ന വിവരം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

 കൊറോണ കൺട്രോൾ റൂം നമ്പർ: 0484-2368802