തൊടുപുഴ: കലയുടെ പൂമരചുവട്ടിൽ രാപ്പാർത്തിരുന്ന അഞ്ചു ദിനങ്ങൾ. പകലിരവുകൾ പോയതറിഞ്ഞില്ല. കൗമാരം മൊട്ടിട്ട് വിരിയിച്ച കലയുടെ വസന്തം കൊഴിയില്ല. കാത്തിരിക്കാം ഒരു വർഷത്തേക്ക്. വീണ്ടുമൊരു പുലരിയിൽ കലയുടെ പൂമരം പൂക്കട്ടെ. എം.ജി. സർവ്വകലാശാല കലോത്സവം ആർട്ടിക്കിൾ 14 ന് ഇന്ന് കൊടിയിറക്കം. ഈശലുകൾ പെയ്‌തിറങ്ങുന്ന പകലിൽ മൊഞ്ചത്തിമാരുടെ ഒപ്പന കണ്ട് ഒരു മടക്ക യാത്ര.
രാവും പകലും മത്സങ്ങൾ എം.ജിയുടെ സർവ്വകലാശാലയുടെ മാത്രം പ്രത്യേകതയാണ്. വേദികൾ ഉണർന്നു തന്നെയിരിക്കും. നൃത്തയിനങ്ങളിൽ പരിഭവങ്ങളുണ്ടാകും. പക്ഷേ പകലും രാത്രിയുമായി ഗ്ളാമർ ഇനങ്ങൾ അരങ്ങിലെത്തും. പകലെത്താൻ സാധിക്കാത്ത ആസ്വാദകർക്ക് രാത്രിയിൽ വിരുന്നുകാരാകാം. മത്സരക്രമങ്ങൾ താളം തെറ്റിയെങ്കിലും രാത്രി വേദികളിലും ആസ്വാദകരുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഗ്ളാമർ ഇനമായ മാർഗംകളി തുടങ്ങിയത്. ഇന്നലെ നേരം പുലർച്ചെ അവസാനിക്കുമ്പോഴും ആസ്വാദകരുടെ പട അവിടെയുണ്ടായിരുന്നു. ഒറ്റ കാമ്പസിൽ കലയുടെ കെട്ടഴിക്കാൻ അവസരം ലഭിച്ചുവെന്നാണ് ഇത്തവണത്തെ പ്രത്യേകത. എട്ടു വേദികളും അൽ അസ്ഹർ കോളേജിൽ. ചൂടിനോട് മാത്രമാണ് എല്ലാവരും പടവെട്ടിയത്. 38 ഡിഗ്രിയിൽ തിളിച്ചു പൊള്ളുമ്പോഴും കൗമാര വിരുന്നിൽ ആസ്വാദക കൂട്ടങ്ങളുടെ മനസ് തണുത്തു.അയൽവാസികളായ എറണാകുളം കോളേജുകളുടെ വാശി പോരാട്ടത്തിന് മാത്രം മാറ്റമില്ല. പോരാട്ടത്തിന്റെ കനലൊടുങ്ങുന്ന ഇന്ന് ആരാവും രാജാക്കൻമാരെന്നറിയാം. പുതിയ കലാ പ്രതിഭ - തിലക പട്ടങ്ങളും അണിയിക്കപ്പെടും. അവർക്കൊപ്പം ആരവമുയർത്തി ഇനി മടങ്ങാം.