നെടുമ്പാശേരി: ആലുങ്ങക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പൗരസമിതിയുടെ പേരിൽ ജനകീയ ഉദ്ഘാടനം നടത്തിയതിനെതിരെ അൻവർ സാദത്ത് എം.എൽ.എ രംഗത്തുവന്നു. സുരക്ഷിതത്വമില്ലാതെ അശാസ്ത്രീയമായി നിർമ്മിച്ച റോഡിൽ അപകടമുണ്ടായാൽ പൗരസമിതി പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് എം.എൽ.എ അറിയിച്ചു.
അപ്രോച്ച് റോഡ് സുരക്ഷിതമല്ലെന്ന് പി.ഡബ്ല്യു.ഡി അധിക്യതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വാഹനങ്ങളുംമറ്റും കടന്നുപോയി അപകടമുണ്ടായാൽ പൂർണ ഉത്തരവാദിത്വം അനുമതിയില്ലാതെ പണി നടത്തിയവർക്കായിരിക്കും. തണ്ണീർതട നിയമനുസരിച്ച് അനുമതിയില്ലാതെ മണ്ണടിച്ചതിലുടെ നിയമലംഘനമാണ് പൗരസമിതി നടത്തിയത്. ഇതനുസരിച്ച് അനധിക്യത നിർമ്മാണത്തിനെതിരെ പി.ഡബ്ല്യു.ഡി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
അപ്രോച്ച് റോഡ് വൈകുന്നതിനാൽ പാലം തുറന്നുകൊടുക്കാൻ സാധിക്കാത്തതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന് അംഗീകരിക്കുന്നു. ജനങ്ങളോടൊപ്പമാണ് താനുമെന്ന് എം.എൽ.എ പറഞ്ഞു. സർക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയാണ് കാരണം. നെൽവയൽ തണ്ണീർതട നിയമത്തിൽപ്പെട്ട സ്ഥലം പുരയിടമായി മാറ്റുന്നതിനുള്ള അനുമതിക്കായി വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണ്.