ആലുവ: വിവിധ സംഘടനകൾ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാൻ ആലുവ വേദിയാക്കുന്നത് വർദ്ധിച്ചതോടെ നഗരം ഗതാഗതക്കുരുക്കിലാകുന്നത് പതിവാകുന്നു. തിരക്കേറിയ വൈകുന്നേരങ്ങളിൽ പ്രകടനങ്ങൾ നടക്കുന്നതിനാൽ മണിക്കൂറുകൾ നീണ്ട വാഹനത്തടസമാണ് വിദ്യാർത്ഥികളും യാത്രക്കാരും അനുഭവിക്കുന്നത്.

സാധാരണ ദിവസങ്ങളിൽ പോലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന ആലുവയിൽ ചെറിയ പ്രകടനംപോലും ഗതാഗതം താറുമാറാക്കും. നഗരത്തിൽ എവിടെ പ്രകടനം നടന്നാലും റെയിൽവേ സ്റ്റേഷൻ റോഡിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതതടസം ഉണ്ടാകുന്നത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പൊളിച്ചശേഷം ബസുകളിൽ പലതും റോഡിലാണ് ആളെ ഇറക്കുന്നതും കയറ്റുന്നതും. കൂടാതെ സ്വകാര്യ ബസുകളുടെ ബസ്‌സ്റ്റോപ്പും ഇവിടെയാണ്. പ്രകടനം റെയിൽവേ റോഡിൽ എത്തുമ്പോൾ ബസുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻപോലും കഴിയാതെ വിഷമിക്കുകയാണ്.

തിരക്ക് മുൻനിർത്തി ഇടറോഡുകളിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് ഗതാഗതക്കുരുക്ക് കൂട്ടാനാണ് കാരണമാകുന്നത്. സബ് ജയിൽ റോഡും പവർഹൗസ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ എസ് ഐ റോഡിന് മതിയായ വീതിയില്ലാത്തതും വാഹനതടസം ഉണ്ടാക്കുന്നു. നഗരത്തിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റാലികൾ നിരോധിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. പരീക്ഷാകാലമായതിനാൽ വിദ്യാർത്ഥികളും വീടുകളിൽ എത്താൻ വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മെട്രോ സ്റ്റേഷനിൽ വന്നിറങ്ങുന്നവർ റെയിൽവേ സ്‌റ്റേഷനിലോ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലോ എത്താനും ഏറെ കഷ്ടപ്പെടുകയാണ്.