അഞ്ച് പേർക്ക് കൂടി പണം നൽകാൻ ശ്രമിച്ചതായി രേഖകൾ
തൃക്കാക്കര: ജില്ലാ കളക്ടറുടെ പ്രളയ ദുരിതാശ്വാസഫണ്ടിൽ നിന്ന് അയ്യനാട് ബാങ്കിലൂടെ അഞ്ച് പേർക്ക് കൂടി 10,54,000 രൂപ കൈമാറാൻ ശ്രമിച്ച രേഖകൾ പുറത്ത്.
ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. 2018ലെ പ്രളയത്തിൽ നാശനഷ്ടമുണ്ടായവർക്ക് നൽകിയ ഫണ്ടിൽ നിന്നാണ് കളക്ടറേറ്റിലെ ദുരിതനിവാരണ സെല്ലിലെ സെക്ഷൻ ക്ളാർക്ക് വിഷ്ണുപ്രസാദ് അനധികൃതമായി തുക അനർഹരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. തൃക്കാക്കര മുനിസിപ്പാലിറ്റി പ്രളയദുരിതം ഉണ്ടായ സ്ഥലമല്ല. ഇവിടെയുള്ളവർക്കാർക്കും ദുരിതാശ്വാസം നൽകേണ്ട കാര്യവുമില്ല.
പ്രളയ ഫണ്ടിൽ നിന്ന് ആദ്യം മാറ്റിയതായി പുറത്ത് വന്ന 10,54,000 രൂപ സി.പി.എം നേതാവായ അൻവറിന്റെ അക്കൗണ്ടിലേക്കാണ്. വിഷ്ണുപ്രസാദും ഇടതുസംഘടനാ പ്രവർത്തകനാണ്. ഇന്നലെ പുറത്തുവന്നവരുടെ പശ്ചാത്തലം വ്യക്തമായിട്ടില്ല. 2019 മാർച്ചിൽ അയ്യനാട് ബാങ്കിലൂടെ അഞ്ച് പേർക്ക് നൽകാൻ ശ്രമിച്ച് പരാജയപ്പെട്ട 10,54,000 രൂപയാണ് 2019 നവംബർ 28 മുതൽ 2020 ജനുവരി 24 വരെ അഞ്ച് തവണയായി അൻവറിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നു കരുതപ്പെടുന്നു.
തൃക്കാക്കരയിലെ അയ്യനാട് സർവീസ് സഹകരണ
ബാങ്കിന് ഐ.എഫ്.എസ്.സി കോഡില്ലാത്തതിനാൽ ബാങ്കിന്റെ ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു തുകകൾ. ആർക്കെന്നറിയാത്ത തുക അൻവറിന്റെ ആവശ്യപ്രകാരം ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റി സഹ.ബാങ്ക് അധികൃതർ. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുപ്രസാദും അൻവറും ഒളിവിലാണ്. വിഷ്ണുപ്രസാദിനെ സസ്പെൻഡും ചെയ്തു. അയ്യനാട് സഹ. ബാങ്കിൽ ക്രൈബ്രാഞ്ച് പരിശോധന നടത്തി. സെക്രട്ടറി എ.എൻ.രാജമ്മയെ രണ്ട് വട്ടം ചോദ്യം ചെയ്തു.
അത്യന്തം ഗുരുതരമായ ക്രമക്കേടുകൾ പ്രളയദുരിതാശ്വാസ വിതരണത്തിൽ നടന്നിട്ടും വേണ്ട രീതിയിൽ സർക്കാർ ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ഫെബ്രുവരി 25നാണ് ജില്ലാ കളക്ടർക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടർ തൃക്കാക്കര പൊലീസിൽ പരാതി പോലും നൽകിയത്. ബാങ്കുകൾ ക്രമക്കേടുകൾ നടത്തിയോ എന്നും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.