prasadh

കൊച്ചി: ഗുജറാത്തിലെ നയാര എനർജിയുടെയും റിഫൈനറിയുടെയും മേധാവിയും ഡയറക്‌ടറുമായി പ്രസാദ് കെ. പണിക്കർ നിയമിതനായി. നയാര വാഡിനാർ റിഫൈനറിയുടെ ബിസിനസിന്റെയും പ്രവർത്തനങ്ങളുടെയും ചുമതല അദ്ദേഹത്തിനായിരിക്കും. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി വിരമിച്ച പ്രസാദ് കെ. പണിക്കർക്ക് എണ്ണ വാതക വ്യവസായരംഗത്ത് 36 വർഷത്തെ പരിചയമുണ്ട്. റിഫൈനറി തന്ത്രങ്ങളിലും പ്രവർത്തനങ്ങളിലും റിസ്‌ക് മാനേജ്‌മെന്റിലും വിദഗ്ദ്ധനാണ്.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറിയാണ് നയാരയുടെ വാഡിനാർ റിഫൈനറി. കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുമെന്ന് പ്രസാദ് കെ. പണിക്കർ പറഞ്ഞു. കെമിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയായ പ്രസാദ്,​ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്.