sunil
ശില്പി സുനിൽ തിരുവാണിയൂർ

കോലഞ്ചേരി: അറുപത്തിയൊന്നാമത് ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരത്തിന് തിരുവാണിയൂർ സ്വദേശി സി.കെ സുനിൽകുമാർ (സുനിൽ തിരുവാണിയൂർ) അർഹനായി.'എ ടെയിൽ ഓഫ് ജാക്ക് ഫ്രൂട്ട് '
എന്ന ശില്പത്തിനാണ് വുഡ് ആൻഡ് മെറ്റൽ വർക്ക് വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. 4ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ശില്പകലാ വിഭാഗത്തിൽ ബിരുദധാരിയാണ്. 2006 ൽ ആൾ ഇന്ത്യ ഫൈൻ ആർട്സ് ക്രാഫ്റ്റ് സൊസൈറ്റിയുടെ അവാർഡ് നേടിയിട്ടുണ്ട്. രാമമംഗലത്ത് ഷഡ്കാല ഗോവിന്ദ മാരാർ ,ഫാക്ടിൽ എം.കെ.കെ നായർ ,ഗവ.ഫോക് ലോർ അക്കാഡമിയ്ക്ക് വേണ്ടി ചെറുശ്ശേരി, കോട്ടയം കുറുച്ചി ആതുര സേവാ സംഘം ആശ്രമത്തിൽ സ്വാമി ആതുര ദാസ് , കൊച്ച് സതേൺ നേവൽ കമാണ്ടിങ്ങ് ഓഫീസിൽ ഗരുഡ ശില്പം, ഹോമിയോ പതിയിലെ ഡോ.പടിയാർ, പാലക്കാട് പെരിങ്ങോട് പഞ്ചായത്തിന് വേണ്ടി മഹാത്മാ ഗാന്ധിയുടേതുൾപ്പടെ നിരവധി ശില്പ നിർമ്മാണങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ടി.എം ജേക്കബിന്റെയും, കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയവരുടെ ശില്പങ്ങൾ പണിപ്പുരയിലാണ്. അവാർഡിനായി പ്രാഥമിക റൗണ്ടിൽ 300ലധികം വരുന്ന എൻട്രികളാണ് കേരള ലളിത കലാ അക്കാഡമി പരിഗണിച്ചത്. തുടർന്ന് ഇവരിൽ നിന്നും പത്തു പേരുടെ ശില്പങ്ങളാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ഇവർ ദേശീയ ശില്പ പ്രദർശനത്തിലും പങ്കെടുക്കും. ഇരുപത്തി അഞ്ചു വർഷമായി ശില്പ നിർമ്മാണ രംഗത്ത് സജീവമാണ്. ഭാര്യ ചിത്രകാരിയായ മായ കലാദ്ധ്യാപികയായി ജോലി ചെയ്തു വരുന്നു.മക്കൾ അനന്ത ലക്ഷ്മി, അനന്തകൃഷ്ണൻ.