കൊച്ചി: സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയറാമിനെ തിരഞ്
ഞെടുത്തു. പെരുമ്പാവൂർ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം ആനന്ദ് ഫാംസിനെ മാതൃകാഫാമായി തിരഞ്ഞെടുത്തു. യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ടാണ് ജയറാമിനെ ബ്രാൻഡ് അംബാസിഡറാക്കുന്നതെന്ന് കേരള ഫീഡ്സ് ചെയർമാൻ കെ.എസ് ഇന്ദുശേഖരൻ നായരും എം.ഡി ഡോ.ബി.ശ്രീകുമാറും കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി, കേരള ഫീഡ്സ് കാഫ് സ്റ്റാർട്ടർ തുടങ്ങിയ ഉത്പന്നങ്ങളാണ് കേരള ഫീഡ്സ് പുറത്തിറക്കുന്നത്.
കൃഷിക്കാരനാവുക ജീവിതസന്തോഷം
ആനന്ദ് ഫാംസിനെ മാതൃകാ ഫാമായി തിരഞ്ഞെടുത്തതിനും തന്നെ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസിഡറാക്കിയതിലും സന്തോഷം. ആനയും ചെണ്ടയും പോലെ കൃഷിക്കാരനാവുക എന്നതും ജീവിതത്തിലെ സന്തോഷങ്ങളിലൊന്നാണ്. പത്തുവർഷം മുമ്പാണ് അഞ്ചുപശുക്കളുമായി അച്ഛന്റെ കുടുംബസ്വത്തായ പെരുമ്പാവൂരിലെ തോട്ടുവയിലെ ആറേക്കർ സ്ഥലത്ത് ഫാം തുടങ്ങിയത്. മൂന്ന് ജനറേഷനുകളിലായി 55 പശുക്കളുണ്ടിപ്പോൾ. ഇവയ്ക്ക് മകളാണ് നദികളുടെ പേരിട്ടിരിക്കുന്നത്.സിനിമയിൽ പോലും അധികമാർക്കും അറിയാത്ത രഹസ്യമായ സന്തോഷമായിരുന്നു മുത്തശി ആനന്ദവല്ലിയുടെ പേരിൽ തുടങ്ങിയ ഈ ഫാം.
കൃഷ്ണഗിരി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെത്തി നേരിട്ടാണ് പശുക്കളെ വാങ്ങുന്നത്. പശുക്കൾക്ക് ആവശ്യമായ പുല്ല് ഫാമിൽ തന്നെ ഉത്പാദിപ്പിക്കും. ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. പശുക്കളെ കെട്ടിയിട്ടല്ല, ഏറെ സമയം അഴിച്ചുവിട്ടാണ് അവയെ വളർത്തുന്നത്. ദിവസം ശരാശരി 300 ലിറ്റർ പാൽ സൊസൈറ്റികളിലേക്ക് കൊടുക്കും.
ജയറാം
ചലച്ചിത്ര താരം