കൊച്ചി : എസ്.എ.പി ക്യാമ്പിൽ നിന്ന് 25 റൈഫിളുകൾ 2011 ഫെബ്രുവരി 14ന് തിരുവനന്തപുരം സിറ്റി പൊലീസിന് നൽകിയിരുന്നെന്നും ഇതു സംബന്ധിച്ച രേഖകൾ നൽകിയത് സി.എ.ജി നിരസിച്ചതാണ് റൈഫിളുകൾ കാണാതായെന്ന വിവാദത്തിനു കാരണമായതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന റിപ്പോർട്ടിൽ സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി.പി. രാമചന്ദ്ര കൈമൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും റൈഫിളുകൾ കാണാതായെന്ന ആരോപണം ശരിയല്ലെന്നും സർക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഫെബ്രുവരി 17 ന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് ഡയറക്ടർ, ഐ.ജി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി റൈഫിളുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.
660 റൈഫിളുകളിൽ 647 എണ്ണം ക്യാമ്പിൽ തന്നെയുണ്ട്. 13 എണ്ണം ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ പരിശീലനത്തിനായി മണിപ്പൂരിലേക്ക് നൽകി. ഇവ വീഡിയോ കോൺഫറൻസിംഗിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തി. സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. ഇക്കാര്യം പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കാനിരിക്കെ ഹർജി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.