ആലുവ: എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വി.ബി. ചെറിയാന്റെ ഏഴാം ചരമവാർഷികം എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ദേശം കുന്നുംപുറത്ത് വി.ബി.സി സ്ക്വയറിൽ പുഷ്പാർച്ചന നടത്തി. പോളിറ്റ് ബ്യൂറോ അംഗം ടി.എസ്. നാരായണൻ, അഡ്വ. രാജദാസ്, എം. ശ്രീകുമാർ, എൻ.ടി.യു.ഐ നേതാവ് ഡി. തങ്കപ്പൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് മഹനാമി ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ടി.എസ്. നാരായണൻ (എം.സി.പി.ഐ (യു), കെ.എൻ. ഗോപിനാഥ് (സി.പി.എം), കെ.എസ്. ഹരിഹരൻ (ആർ.എം.പി.ഐ), കെ.എസ്. ഹരികുമാർ (എസ്.യു.സി.ഐ), അഡ്വ. രാജദാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എം. മീതിയൻപിള്ള സ്വാഗതം പറഞ്ഞു.
കോടതി അനുമതിക്ക് വിധേയമായിട്ടാണ് വി.ബി.സി സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയത്. വി.ബി. ചെറിയാൻ രൂപീകരിച്ച എം.സി.പി.ഐ (യു) രണ്ട് വിഭാഗമായി ചേരിതിരിഞ്ഞതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം കുൽദീപ് സിംഗ് വിഭാഗത്തിനാണ്. ഇതേത്തുടർന്ന് എം.ഡി. ഗൗസ് വിഭാഗമാണ് കോടതി അനുമതിയോടെ പുഷ്പാർച്ചന നടത്തിയത്. കോടതി നിയോഗിച്ച നിരീക്ഷകൻ അഡ്വ. എം.ബി. സുദർശനന്റെ സാന്നിദ്ധ്യത്തിലായിരുന്നു പുഷ്പാർച്ചന. രാവിലെ ഒമ്പതുമുതൽ ഒരു മണിക്കൂറായിരുന്നു കോടതി അനുവദിച്ച സമയം. കഴിഞ്ഞവർഷവും സമാനമായ സാഹചര്യമായിരുന്നു. ഇതിനിടയിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഇക്കുറി കോടതി നിരീക്ഷകനെയും ചുമതലപ്പെടുത്തിയത്.