kulappuram-
പൈങ്ങോട്ടൂ‌ർ കുടിവെള്ള പദ്ധതിയുടെ കുളപ്പുറത്തെ ശുചീകരണ പ്ലാന്‍റ് നിലംപൊത്താറായ നിലയിൽ

മൂവാറ്റുപുഴ:പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതി ശോചനീയാവസ്ഥയിലായത് ജനങ്ങളെ വലയ്ക്കുന്നു. ജീർണാവസ്ഥയിലുള്ള കുളപ്പുറത്തെ പദ്ധതിയുടെ ശുചീകരണ പ്ലാന്റ് നിലംപൊത്താതായതും കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതും മൂലം പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായിരിക്കുകയാണ്.പുതിയ പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.കുടിവെള്ള വിതരണ പൈപ്പുകൾ നിരന്തരം പൊട്ടുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിയിൽ പെടുത്തി തുക അനുവദിച്ചെങ്കിലും തടസം നേരിടുകയായിരുന്നു.ബജറ്റിൽ 23 കോടി അനുവദിച്ച പദ്ധതിയ്ക്ക് പിന്നീട് കിഫ്ബിയിൽ നിന്നും 28.82 കോടിയും അനുവദിച്ചിരുന്നു. പ്ലാന്റ് നിർമ്മാണത്തിനായി കടവൂരിൽ പാതിരിപ്പാറയിൽ കണ്ടെത്തിയ 70 സെന്റ് സ്ഥലം വന ഭൂമിയായതും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളില്ലാത്തതാണ് വനം വകുപ്പിൽ നിന്നും ഭൂമി വിട്ടു കിട്ടുന്നതിനു കാല താമസം നേരിടുന്നത്.

കൈമലർത്തി വനം വകുപ്പ്

ശുചീകരണ പ്ലാന്റിന്റെയും മറ്റും നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റെ ആവശ്യമായ രേഖകൾ വനം വകുപ്പിന്റെ കൈവശമില്ലെന്നതാണ് കാരണം. ഇതോടെ നിലവിലുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശത്ത് പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാകാത്തത് നൂറു കണക്കിനാളുകളെ ബാധിക്കുകയാണ്.

പദ്ധതിക്ക് സ്ഥലം ലഭിക്കാൻ മന്ത്രിസഭ കനിയണം

കാളിയാർ പുഴയുടെ തീരത്ത് പനങ്കരയിൽ കിണറും പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനും നടപടി വൈകുകയാണ്. പദ്ധതി വൈകുമെന്നായതോടെ ജല അതോറിറ്റി അധികൃതർ ഭൂമി വിട്ടു കിട്ടുന്നതിനായി നിലവിൽ വനം വകുപ്പിന് കത്തു നൽകിയിരിക്കുകയാണ്. തുടർന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്ഥലം സന്ദർശിക്കുകയും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പരിശോധനയ്ക്ക് ശേഷം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ അംഗീകാരം തേടിയ ശേഷം മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ ഇനി പദ്ധതിക്ക് സ്ഥലം ലഭിക്കുകയുള്ളൂ.വനം വകുപ്പ് കനിഞ്ഞില്ലെങ്കിൽ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി ഇരുട്ടിലാകും.