നെടുമ്പാശേരി: പറമ്പുശേരി - ആലുങ്ങകടവ് പാലം നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ആവശ്യപ്പെട്ടു. രണ്ടരവർഷം മുമ്പ് നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഇതുവരെ പാലം ഔദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ല. ഗതികെട്ട നാട്ടുകാർ സ്വന്തം നിലയിൽ മണ്ണടിച്ച് താത്കാലിക അപ്രോച്ച് റോഡ് നിർമ്മിച്ചപ്പോൾ നിയമത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് ചിലരുടെ ശ്രമം.

സുരക്ഷിതമല്ലാത്തതിനാൽ അപകടമുണ്ടായാൽ മണ്ണടിച്ചവരുടെ പേരിൽ കേസെടുക്കുമെന്നാണ് ഭീഷണി. 2018ലെയും 2019ലെയും പ്രളയകാലത്ത് നാട്ടുകാർ കോണിവച്ച് പാലത്തിൽ കയറിയാണ് രക്ഷപെട്ടത്. ഇതിനിടയിൽ അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇപ്പോൾ ഭീഷണി മുഴക്കുന്നവർ അന്ന് എവിടെയായിരുന്നുവെന്നും എം.എൻ. ഗോപി ചോദിച്ചു. നാട്ടുകാർ ജനകീയ ഉദ്ഘാടനം നടത്തിയപ്പോഴാണ് എം.എൽ.എ അപ്രോച്ച് റോഡിനായി മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും കാണാൻ തയ്യാറായത്. ഗതാഗത സൗകര്യമൊരുക്കിയതിന് ജനങ്ങളുടെ പേരിൽ കേസെടുത്താൽ സമരം ബി.ജെ.പി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.