എറണാകുളം ജില്ലയിൽ തീര നിയന്ത്രണ വിജ്ഞാപനം

ലംഘിച്ച് കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങൾ 4239

ഇതിലേറെയും ചെല്ലാനം തീരത്ത്

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച പട്ടികയിൽ ഉൾപ്പെട്ട തീരദേശവാസികളുടെ നെഞ്ചിൽ തീയാണ്. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചടുക്കിയതു പോലെ തങ്ങളുടെ വീടുകൾ പൊളിച്ചെറിയുമോ എന്നതാണ് ഇവരുടെ ആധി. എറണാകുളം ജില്ലയിൽ 4239 കെട്ടിടങ്ങളാണ് തീര നിയന്ത്രണ വിജ്ഞാപനം ലംഘിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇതിലേറെയും ചെല്ലാനം തീരത്താണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് അതിലേറെയും.

സുപ്രീം കോടതി ഉത്തരവ് പ്രകാരം തിടുക്കത്തിൽ തയ്യാറാക്കിയിരിക്കുന്ന പട്ടികയിൽനിന്ന് തങ്ങൾക്ക് ഇളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചെല്ലാനം മറുവാക്കാട്ടിൽ പശ്ചിമകൊച്ചി തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഇതിൽ തങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കുന്ന വസ്തുതകൾ സംഘാടകർ തീരദേശവാസികളുമായി പങ്കുവച്ചു.

പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇവ ചൂണ്ടിക്കാട്ടാം

 അനധികൃത നമ്പറിൽ ഉൾപ്പെട്ട വീട് മുമ്പ് ഉണ്ടായിരുന്നതും പിന്നീട് പുതുക്കിപ്പണിതതും ആണെങ്കിൽ അക്കാര്യം കൃത്യമായി സൂചിപ്പിക്കാം. പുതിയ വീടുകൾ നിയന്ത്രണ പരിധിക്കുള്ളിൽ ആണെങ്കിലും 2018 മേയ് 14 ന് കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ ഉത്തരവ് പ്രകാരം 100 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകൾ നിർമ്മിക്കാൻ അനുവാദമുണ്ട്

 കടലുമായി നേരിട്ട് ബന്ധമില്ലാത്ത ജലാശയം തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. (കടലുമായി നേരിട്ട് ബന്ധമുള്ള ഉൾക്കടൽ, അഴിമുഖം, നദി, കടലിടുക്ക്, കായൽ, ചതുപ്പുനിലങ്ങൾ, കടലിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ജലാശയങ്ങൾ എന്നിവയാണ് തീര നിയന്ത്രണ വിജ്ഞാപന പരിധിയിൽ വരുന്നത്)

ജലാശയങ്ങളുടെ വീതി അല്ലെങ്കിൽ 100 മീറ്റർ ഇവയിൽ ഏതാണ് കുറവ് അത്രയും ഭാഗം മാത്രമാണ് നിയന്ത്രണം മേഖല. കായൽ ദ്വീപുകളിൽ 50 മീറ്റർ മാത്രമാണ് ആണ് നിയന്ത്രണ മേഖല. അതിനു പുറത്തു വരുന്ന വീടുകളും ഇതിൽനിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്.

കടലിൽ നിന്നും 100 മീറ്ററിലും 200 മീറ്ററിലും ഇടയ്ക്കുള്ള നിയന്ത്രണ മേഖലയിൽ വീട് ഉള്ളവർക്ക് 2011 ലെ തീര നിയന്ത്രണ വിജ്ഞാപന പ്രകാരം തീരസമൂഹങ്ങൾക്ക് വേലിയേറ്റ രേഖയിൽ നിന്ന് 100 മീറ്ററിലും 200 മീറ്ററിലും ഇടയിലുള്ള സ്ഥലത്ത് വീട് നിർമ്മിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാക്കി മാറ്റണമെന്ന് ആവശ്യപ്പെടാം