v

കൊച്ചി : സി.ബി.എസ്.ഇയുടെ അംഗീകാരമില്ലാത്ത ഏതെങ്കിലും സ്കൂളിലെ കുട്ടികളെ അംഗീകാരമുള്ള സ്കൂൾ മുഖേന ഇത്തവണ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നുണ്ടോയെന്ന് സി.ബി.എസ്.ഇ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ ഇന്ന് സത്യവാങ്മൂലം നൽകണം.

പരീക്ഷയെഴുതാൻ മറ്റ് കുട്ടികളെ അനുവദിച്ചിട്ടുണ്ടെങ്കിൽ, അഫിലിയേഷൻ ഇല്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനാവാതെ പോയ കൊച്ചി അരൂജാസ് സ്കൂളിലെ കുട്ടികൾക്ക് സി.ബി.എസ്.ഇ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഡിവിഷൻബെഞ്ച് വാക്കാൽ മുന്നറിയിപ്പ് നൽകി.

കൊച്ചി അരൂജാസ് സ്കൂളിന് അഫിലിയേഷനില്ലെന്ന പേരിൽ ഇവിടെ പഠിച്ച 28 കുട്ടികൾക്ക് പത്താംക്ളാസ് പരീക്ഷയെഴുതാൻ സി.ബി.എസ്.ഇ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്യുന്ന കുട്ടികളുടെ ഹർജിയിൽ ശേഷിക്കുന്ന മൂന്ന്പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന ഇടക്കാല ആവശ്യവും സിംഗിൾബെഞ്ച് തള്ളി. ഇതിനെതിരെ കുട്ടികൾ നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

മാർച്ച് 4, 14, 18 തീയതികളിലെ പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്നാണ് കരുവേലിപ്പടി സ്വദേശി പി.വി അർജുൻ ഉൾപ്പെടെ 28 കുട്ടികൾ നൽകിയ അപ്പീലിലെ ആവശ്യം.

പരീക്ഷയെഴുതിക്കാൻ പറ്റില്ലെന്ന് സി.ബി.എസ്.ഇ

.അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികളെ പരീക്ഷയെഴുതിക്കാനാവില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. എന്നാൽ സി.ബി.എസ്.ഇയുടെ അഫിലിയേഷനില്ലാത്ത സ്കൂളുകളിലെ കുട്ടികൾ അഫിലിയേഷനുള്ള സ്കൂളുകൾ മുഖേന പരീക്ഷ എഴുതുന്നുണ്ടെന്നും അരൂജാസ് ഉൾപ്പെടെ മൂന്നു സ്കൂളുകൾ ഒഴികെ സംസ്ഥാനത്തെ അഫിലിയേഷൻ ഇല്ലാത്ത 62 സ്കൂളുകളിലെ കുട്ടികൾ പരീക്ഷ എഴുതുന്നുണ്ടെന്നും അപ്പീലിൽ കുട്ടികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സ്കൂളുകളുടെ ലിസ്റ്റും കൈമാറി.

അഫിലിയേഷൻ ഇല്ലാത്ത സ്കൂളുകളിലെ കുട്ടികളെ അഫിലിയേഷനുള്ള സ്കൂളുകൾ മുഖേന 2018 നുശേഷം പരീക്ഷ എഴുതിക്കുന്നില്ലെന്നായിരുന്നു സി.ബി.എസ്.ഇയുടെ മറുപടി. ഇത്തരത്തിൽ പരീക്ഷയെഴുതിക്കുന്ന രീതി വർഷങ്ങളായി നിലവിലുണ്ടെന്ന് കോടതി വാക്കാൽ പറഞ്ഞു.

സാധാരണക്കാരായ കുട്ടികൾക്കാണ് പരീക്ഷയെഴുതാൻ കഴിയാതെ പോയതെന്നും ഇവർക്ക് പരീക്ഷയെഴുതാൻ അവസരം നിഷേധിച്ചാൽ പഠിപ്പു മുടങ്ങിപ്പോവുമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് ഇവരെ പരീക്ഷ എഴുതിക്കാൻ മാർഗമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. അരൂജാസ് സ്കൂളിന് ഒമ്പതാം ക്ളാസ് മുതൽ അഫിലിയേഷൻ ഇല്ലെന്നും കുട്ടികൾ സി.ബി.എസ്.ഇ നിഷ്കർഷിക്കുന്ന പാഠ്യപദ്ധതിയാണോ പിന്തുടർന്നതെന്ന് ഉറപ്പില്ലെന്നും സി.ബി.എസ്.ഇയുടെ അഭിഭാഷകൻ പറഞ്ഞു.