മൂവാറ്റുപുഴ: ഇറച്ചി കോഴി വില ഇടിയുന്നു. രണ്ട് മാസമായി 100 രൂപയ്ക്ക് മുകളിൽ ചില്ലറ വില്പന നടന്നിരുന്ന ഇറച്ചിയുടെ വില 70ന് താഴേയ്‌ക്കെത്തി. കിലോഗ്രാമിന് 45 മുതൽ 50 വരെ വിലയ്ക്കാണ് കർഷകരിൽ നിന്നും മൊത്ത വ്യാപാരികൾ കോഴി വാങ്ങുന്നത്. ജില്ലയുടെ കിഴക്കൻ താലൂക്കുകളായ കോതമംഗലം,മൂവാറ്റുപുഴ,പിറവം എന്നിവിടങ്ങളിൽ നൂറുക്കണക്കിന് കോഴി കർഷകരാണുള്ളത്. മേഖലയിലെ ഇതര സംസ്ഥാനങ്ങളിലെ എജന്റുമാരുടെ ഇടപെടലും കർഷകരെ വലയ്ക്കുകയാണ്.കുറഞ്ഞത് 90 രൂപ ലഭിച്ചെങ്കിൽ മാത്രമെ കൃഷിയുമായി മുന്നോട്ട് പോകാനാകുമെന്നാണ് കർഷകർ പറയുന്നത്.നോമ്പ് കാലമായതോടെ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ നാളുകളിൽ നിരവധി പേരാണ് മേഖലയിൽ കൃഷി അവസാനിപ്പിച്ചത്.
കോഴി കുഞ്ഞുങ്ങൾക്ക് വില കുറയുന്നു
എജന്റുമാർ കോഴി കുഞ്ഞുങ്ങൾക്ക് വില തോന്നിയ പോലെയാണ് കർഷകരിൽ നിന്നും ഈടാക്കുന്നത്. 5 മുതൽ 25 വരെ പല വിലയ്ക്കാണ് കുഞ്ഞുങ്ങളെ നൽകുന്നത്.പ്രദേശത്ത് മുൻ കാലങ്ങളെ അപേക്ഷിച്ച് കുഞ്ഞിനു വില താഴ്‌ന്നെങ്കിലും തീറ്റയുടെയും മരുന്നിന്റെയും വില വർദ്ധിക്കുകയാണ്. കൃഷി കുറഞ്ഞതാണ് കുഞ്ഞിന്റെ വില താഴാൻ കാരണമായത്.
തീറ്റവിലയും കുത്തനെ
5 മാസം മുമ്പ് 1,200ന് താഴെയായിരുന്ന തീറ്റവില നിലവിൽ 1,725 ആയി.മരുന്നും തീറ്റയും കൃത്യസമയത്തു എജന്റുമാർ എത്തിക്കാത്തതും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വേനൽ കനത്തതോടെ കോഴിയ്ക്ക് അസുഖം മൂലം തൂക്കം വയ്ക്കുന്നില്ല. ജി.എസ്.ടി നടപ്പാക്കിയതിനെ തുടർന്ന് വിലയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.തൂക്കം കുറഞ്ഞ കോഴികൾ വ്യാപാര കേന്ദ്രങ്ങളിലെത്തുന്നതും തമിഴ് നാട്ടിൽ നിന്നും മറ്റും എത്തുന്ന കോഴികൾക്ക് രോഗ ബാധയുണ്ടെന്ന പ്രചരണവും വില്പനയെ ബാധിച്ചു.