prakash
പ്രകാശൻ

കോലഞ്ചേരി: ഓട്ടോറിക്ഷയെ മറികടന്നുവന്ന സ്കൂൾബസ് സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ വെസ്റ്റ് വെങ്ങോല മേപ്രത്തുപടി പള്ളത്ത് പ്രകാശൻ (54), ഐരാപുരം കുറ്റിപ്പിള്ളി മൂലേക്കുഴി കോമളം (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെ മൂവാറ്റുപുഴ - പട്ടിമറ്റം റോഡിൽ അത്താണി കനാൽകവലയിൽ ഞാറള്ളൂർ ബേത് ലഹേം സ്കൂളിലെ ബസ്സ് ആക്ടീവ ഹോണ്ട സ്കൂട്ടറിൽ ഇടിച്ചാണ് അപകടം.

പട്ടിമറ്റം ഭാഗത്തേയ്ക്ക് വന്ന ബസ് അത്താണി കനാൽ കവലയിൽ വച്ച് മുന്നിൽപ്പോയ ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിന്നിലിരുന്ന കോമളം തെറിച്ച് റോഡരികിലേയ്ക്ക് തലയടിച്ചുവീണു. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നത്തുനാട് പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹങ്ങൾ മോർച്ചറിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

മരപ്പണിക്കാരനാണ് പ്രകാശൻ. മൈക്കാട് പണിക്കാരിയാണ് കോമളം. ഇന്ദിരയാണ് പ്രകാശന്റെ ഭാര്യ. ശരത്ത്, അക്ഷയ് എന്നിവർ മക്കളാണ്. ആര്യയാണ് കോമളത്തിന്റെ മകൾ.