തൊടുപുഴ: ചന്ദിരമുഖം നള്ള ഒളിചിന്തും പുതുക്കത്തിൽ'... ആഹാ എന്തൊരു ചേല്. കാതിലേക്ക് ഒഴുകിയെത്തിയ ഇശലകളും കുപ്പിവളക്കിലുക്കങ്ങളും ഭൂമിയിലെ ഹൂറിമാരുടെ വരവറിയിച്ചു. വഴി നീളം കൈകൊട്ടി വന്ന് ചായലും മുറുക്കവും ഇടമുറുക്കവും ആവർത്തിച്ച് ഇശലിന്റെ അകമ്പടിയിൽ ചൊടിയുള്ള ചുവടുവയ്പ്പുമായി മണവാട്ടിയും സഖിമാരും ഒന്നാം വേദിയിൽ നിറഞ്ഞപ്പോൾ ആസ്വാദകർ ഒഴുകിയെത്തി. എം.ജി. സർവ്വകലാശാല കലോത്സവത്തിന്റെ കൊടിയിറക്ക ദിവസമായ ഇന്നലെ പകലും രാത്രിയുമായി മൊഞ്ചത്തിമാർ ആസ്വാദകരുടെ മനം നിറച്ചു.

'എന്തൊരാൾക്കൂട്ടം'.സദസ് നിറഞ്ഞു കവിഞ്ഞതോടെ പൂരപ്പറമ്പിലെ ആവേശത്തോടെ മൈതാനത്തിന്റെ മുക്കിലും മൂലയിലും നിന്ന് ആസ്വാദകർ മൊഞ്ചത്തിയായ മണവാട്ടികളെ കണ്ടു. മലബാറിന്റെ കലയെ വാരിപുണരാൻ യുവത്വവും പഴയ തലമുറയും ഒരു പോലെ ഓടിയെത്തിയെന്നതാണ് ശ്രദ്ധേയം. അശകിലായ് പേശുന്ന ഖുശി മനമിൽ ഏശുന്ന് മിശിയിണയിൽ നേശത്തിൽ തെളിയുന്നത്... ഇശലുകൾക്കൊപ്പം ഭാവത്തോടെ ഇഴുകിച്ചേർന്ന് മണവാട്ടിയും സഖിമാരും. മണവാട്ടിയുടെ മുഖത്തെ നുണക്കുഴിയും സഖിമാരുടെ ചിരിയും കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്ന സദസും. തനത് ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്ന് പുതുമയാർന്ന ശീലുകളും ചൊടിയുള്ള ചുവടുമായി ഒപ്പനകൂട്ടം അഴകിന്റെ താളകാഴ്ചയാണ് ഒരുക്കിയത്. കലോത്സവത്തിന്റെ സൗന്ദര്യമാണ് ഒപ്പന.ഒപ്പനയിലെ മണവാട്ടിക്ക് അതിലുമേറെ സൗന്ദര്യം. ഒന്നര മണിക്കൂർ നീളുന്ന ഒരുക്കമുണ്ട് ട്ടോ മണവാട്ടിയാകാൻ. അഴകുള്ള ചിരിയുമായി മണവാട്ടി നടന്നു നീങ്ങി.

മണവാട്ടിമാരുടെ നാണം കുണുങ്ങിയ ചിരിയോർമ്മകളുമായാണ് തൊടുപുഴയാറിന്റെ തീരത്തു നിന്ന് കലാ പ്രേമികളുടെ മടക്കം. സമയം താളക്രമം തെറ്റിച്ചതല്ലാതെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ കലോത്സത്തിന് തിരശീല വീണന്നെത് സംഘാടകർക്കും ആശ്വാസമായി. ചുട്ടു പൊള്ളുന്ന ചൂടിലും ആവേശവും പ്രതീക്ഷങ്ങളുമായി അഞ്ചു ദിനങ്ങളിലായ് ആയിരങ്ങളാണ് തൊടുപുഴ അൽ അസ്ഹർ കാമ്പസിലേക്ക് ഒഴുകിയെത്തിയത്. ആട്ടവും പാട്ടുമായി അവർ കളം കൊഴിപ്പിച്ചു. പുതിയ താരോദയങ്ങളും പിറന്നു.ഇനി സ്വന്തം തട്ടകങ്ങളിലേക്ക് യാത്ര.