yusuf-ali

റിയാദ്: സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി.

പ്രീമിയം റസിഡൻസി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്തവർക്ക് രാജ്യത്ത് സ്പോൺസർ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകൾ വാങ്ങിക്കുവാനും സാധിക്കും.

വൻകിട നിക്ഷേപർക്കും മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡൻസി കാർഡ്. രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

നേരത്തെ യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്കാണ് ലഭിച്ചത്. 3000 ൽപരം സ്വദേശികൾ ജോലി ചെയ്യുന്ന ലുലുവിന് സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പർമാർക്കറ്റുകളുണ്ട്. എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിന്റെ 8 മിനിമാർക്കറ്റുകളുടെയും നടത്തിപ്പ് ചുമതലയും ലുലുവിനാണ്.

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡൻസി കാർഡിന് അർഹനായതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. പ്രവാസികൾക്കുള്ള ബഹുമതിയായാണ് ഇതിനെ കാണുന്നത്.

എം.എ.യൂസഫലി