തൃപ്പൂണിത്തുറ: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി മത്സ്യത്തൊഴിലാളി സ്ത്രീ.തെക്കൻ പറവൂർ പേക്കൽ വീട്ടിൽ കുഞ്ഞു പെണ്ണ് (76) ആണ് ബസ് സ്റ്റോപ്പിൽ നിന്നും കിട്ടിയ ഒന്നര പവൻ വരുന്ന സ്വർണമാല ഉടമ സുനിൽകുമാറിനു തിരികെ നൽകി മാതൃകയായത്.ഇന്നലെ രാവിലെ 5.30ന് ചമ്പക്കര മാർക്കറ്റിൽ മത്സ്യക്കച്ചവടത്തിനു പോയ കുഞ്ഞു പെണ്ണിന് കോളനി ബസ് സ്റ്റോപ്പിൽ നിന്നുമാണ് സ്വർണമാലകളഞ്ഞു കിട്ടിയത്.മാർക്കറ്റിൽ നിന്നും തിരികെ വീട്ടിലെത്തിയ കുഞ്ഞു പെണ്ണ് സ്വർണമാലയുടെ ഉടമയെ അനേഷിച്ചു നടന്നു.അപ്പോഴാണ് അയൽവാസി കൂടിയായ സുനിൽകുമാറിന്റെ മകൾ സൂര്യയുടെ സ്വർണ്ണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.ഉടൻ തന്നെ അവരുടെ വീട്ടിലെത്തി മാല തിരികെ ഏൽപിച്ചു.സുനിൽ കുമാറും മകൾ സൂര്യയും പ്രഭാത സവാരിക്കു പോയപ്പോഴാണ് മാല നഷ്ടപ്പെട്ടത്.വിവരമറിഞ്ഞെത്തിയവർ കുഞ്ഞു പെണ്ണിന്റ് സത്യസന്ധതയെ അനുമോദിച്ചു.