മരട്: മരട് കൊട്ടാരംകവലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും,അപകടവളവുകളും ഒഴിവാക്കി വികസന നടപടികൾ സ്വീകരിക്കണമെന്ന് മരട് മേഖലാ യൂണിയൻ ഓഫ് റസിഡന്റ്സ് അസോസി യേഷൻ ( മ്യൂറാ) ആവശ്യപ്പെട്ടു. നൂറ്റാണ്ടിലേറെ ചരിത്രമുളള കൊട്ടാരം ഭഗവതീ ക്ഷേത്രം, മാങ്കായിൽ സ്കൂൾ ,നഗരസഭാ ഗ്രന്ഥശാല ,മരട് സഹകരണബാങ്കും ഒപ്പം ശ്രീനാരായണ ഗുരുമന്ദിരവും നിലകൊള്ളുന്ന പ്രധാനപ്പെട്ട കവലയാണിത് .മരട് ജുമാ മസ്ജിദ് ,ഗ്രിഗോറിയൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് വന്നു ചേരുന്നത് ഇവിടെയാണ്. ഇതുവഴിയാണ് കൊച്ചി-മധുര ദേശീയപാത കടന്നുപോകുന്നത്. തെക്കു നിന്നും പടിഞ്ഞാറോട്ടുള്ള ഫ്രീ ലെഫ്റ്റ് ഏരിയ ഇവിടെ പൂർണമായി പ്രയോജനരഹിതമായി കിടക്കുകയാണ്. റോഡിലേക്ക് മൂന്നു മീറ്ററോളം കയറി സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബിയുടെ എ.ബി.സ്വിച്ച് പോസ്റ്റുകളും ഹൈമാസ്റ്റ് ലൈറ്റും മൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. ഇവ മാറ്റി സ്ഥാപിക്കുകയും ജംഗ്ഷനിലെ പട ബസ് സ്റ്റോപ്പ് സൗകര്യപ്രദമായി മാറ്റുകയും ചെയ്താൽ മരട് കൊട്ടാരം കവലക്ക് ആശ്വാസം കിട്ടുമെന്ന് മ്യൂറ ഭാരവാഹിയോഗം വിലയിരുത്തി. യോഗത്തിൽ മ്യൂറ ചെയർമാൻ ചാർളി മൂഴാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.ഡി.ശരത്ചന്ദ്രൻ, ലാൽബർട്ട് ചെട്ടിയാംകുടി.എ എം.മുഹമ്മദ്, എം.പി.വേണുഗോപാൽ, കെ.കെ.രമേശൻ, ഐ.ജി.അരുൾദാസ് എന്നിവർ പ്രസംഗിച്ചു.