veedu-nalki-
കൊച്ചുവീട് വാട്സാപ്പ് കൂട്ടായ്മയിൽ തുരുത്തൂർ അറപ്പാട്ട് സഹദേവന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പുത്തൻവേലിക്കരക്കാരുടെ കൊച്ചുവീട് വാട്സാപ്പ് കൂട്ടായ്മയിൽ തുരുത്തൂർ അറപ്പാട്ട് സഹദേവന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ജനകീയ ആഘോഷമായി നാട്ടുകാർക്ക് ഭക്ഷണവും കലാപരിപാടികളും കൂട്ടായ്മയുടെ പ്രവർത്തകർ ഒരുക്കി.
താക്കോൽ സമർപ്പണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. നടൻ ടിനി ടോം മുഖ്യാതിഥിയായി. വാർഡ് അംഗം ഷൈനി ബിജു, വില്ലേജ് ഓഫീസർ എൻ.എം. ഹുസൈൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വി.പി. പൗലോസ്, കൊച്ചുവീട് കൺവീനർ രഞ്ജിത്ത് മാത്യു, ബിബിൻ തമ്പി, ഒ.വി. രതീഷ്, എം.ഡി. ഡേവിസ്, പി.ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.

2018ലെ പ്രളയത്തെത്തുടർന്ന് ഗ്രാമത്തിൽ രൂപീകരിച്ച കൊച്ചുവീട് വാട്സാപ്പ് കൂട്ടായ്മ നിർമിച്ച മൂന്നാമത്തെ വീടാണ് സഹദേവന് നൽകിയത്. 35 വയസുള്ള മകൾ, 80 വയസുള്ള രോഗിയായ സഹോദരി എന്നിവരടങ്ങുന്നതാണ് അറുപതുകാരനായ സഹദേവന്റെ കുടുംബം. ഷീറ്റുമേഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്.

അഞ്ചുലക്ഷം രൂപ ചെലവിൽ 435 ചതുരശ്രയടിയുള്ള പുതിയ വീടിന്റെ നിർമാണം ആറുമാസംകൊണ്ടു പൂർത്തിയാക്കി. ബെഡ് റൂം, ഹാൾ, സിറ്റൗട്ട്, അടുക്കള, വർക്ക്ഏരിയ എന്നിവയെല്ലാമുണ്ട്. വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂട്ടായ്മ നൽകി.