1

തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക് ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു..വിശ്വാസവഞ്ചന, സർക്കാർ ഫണ്ട് ദുർവിനിയോഗം, ഗൂഢാലോചന, അഴിമതി എന്നി കുറ്റങ്ങൾചുമത്തിയാണ് നടപടി.ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷംഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക്കും മറ്റും അന്വേഷണ സംഘം പിടിച്ചെടുത്തു. അയ്യനാട് സഹകരണ ബാങ്കിലും അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലുംവിഷ്ണുപ്രസാദിനെ എത്തിച്ച് തെളിവെടുത്തു. . ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽ നിന്നും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം .എം അൻവറിന്റെ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽ നിന്നും വിഷ്ണുപ്രസാദ് തുക കൈമാറുകയായിരുന്നു.അൻവർ പ്രളയ ദുരിതബാധിതനല്ല. 10.54 ലക്ഷം രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു . ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്ക് അധികൃതർ ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുകമുഴുവനായുംതിരിച്ചുനൽകുകയും ചെയ്തു. .അൻവർ ഒളിവിലാണ്.ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അൻവറിന്റെ സുഹൃത്ത് മഹേഷിന്റെ പേരിലും അനധികൃതമായി തുക കൈമാറാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മഹേഷും ഒളിവിലാണ്

അന്വേഷണം കൂടുതൽ പേരിലേക്ക്

പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും കൂടുതൽ പേരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. ചോദ്യം ചെയ്യലിൽ ഇക്കാര്യം വിഷ്ണുപ്രസാദ് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി.2018 ആഗസ്റ്റിൽമഹാപ്രളയത്തിനു ശേഷം ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് പണം നൽകി തുടങ്ങിയ നാൾ മുതൽ വെട്ടിപ്പും തുടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സോഫ്റ്റ് വെയർ തകരാർ എന്ന് വരുത്തി തീർത്ത് ഒരേ അക്കൗണ്ടിലേക്ക് ഒന്നിലേറെ തവണ ഭീമമായ തുക നിക്ഷേപിച്ചു. വീഴ്ച ചൂണ്ടിക്കാട്ടി അധികമായി നിക്ഷേപിച്ച തുക അതാത് ബാങ്ക് അധികൃതരെ കൊണ്ട് വിഷ്ണുപ്രസാദ് നൽകുന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഒരേ അക്കൗണ്ടിലേക്ക് ഒന്നിലേറെ തവണ പണം കൈമാറ്റംചെയ്യപ്പെടുന്നതിന് കാരണം സോഫ്റ്റ് വെയർ രൂപകല്പന ചെയ്ത എൻ.ഐ.സിയുടെ പിഴവാണെന്നാണ് വിഷ്ണു പ്രസാദ് കളക്ടർ അടക്കമുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. പ്രളയ ദുരിതബാധിതർക്ക് ആദ്യ ഗഡുവായി നൽകിയ 10,000 രൂപയ്ക്ക് പുറമെ നാശനഷ്ടം സംഭവിച്ച വീടുകൾക്കായി അനുവദിച്ച 60,000, 1,25,000 എന്നീ ക്രമത്തിൽ നൽകേണ്ടിയിരുന്ന തുകയിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. പ്രളയബാധിതനല്ലാത്ത അൻവറിന് 10,54,000 രൂപ അനുവദിച്ചതിലെ ദുരൂഹതയാണ് പുറത്തു വരാനുള്ളത്. പ്രളയം ബാധിക്കാത്ത സി പി എം നേതാവ് ധനസഹായത്തിനായി അപേക്ഷ പോലും നൽകിയിരുന്നില്ല. ഇയാളുടെ അക്കൗണ്ടിലേക്ക് 10,54,000 രൂപ എങ്ങനെ എത്തിയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിനും വിഷ്ണു പ്രസാദ് ഉത്തരം നൽകിയിട്ടില്ല. ദുരിതബാധിതനായാൽ പോലും മൂന്ന് ഘട്ടങ്ങളിലായി അൻവറിന് 1,95,000 രൂപ നൽകിയാൽ മതി. 10,54,000 രൂപ ഫെഡറൽ ബാങ്ക് വഴി എങ്ങനെ അയ്യനാട് സഹകരണ ബാങ്കിലുള്ള അൻവറിന്റെ അക്കൗണ്ടിലെത്തിയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.