ചോറ്റാനിക്കര: പ്രസിദ്ധമായ മകം തിരുവുത്സവത്തിന്‌ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കൊടിയേറി. ഇന്നലെ വൈകിട്ട് 5ന് കിഴക്കേച്ചിറയിൽ ആറാട്ടുകഴിഞ്ഞ് 8 മണിയോടെ പുലിയന്നൂർ ദീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. ഇന്നുമുതൽ തുടർന്നുള്ള ദിവസങ്ങളിൽ ദേവി ശാസ്താസമേതയായി ഓരോതീർത്ഥക്കുളത്തിൽ ആറാട്ടും പറയെടുപ്പും നടത്തും.

വിശ്വപ്രസിദ്ധമായ മകം തൊഴൽ മാർച്ച് 8ന് ഉച്ചയ്ക്ക് 2മുതൽ രാത്രി 8.30 വരെ നടക്കും. അന്നേദിവസം തങ്കഗോളകയും ആടയാഭരണങ്ങളുമായിരിക്കും ദേവിക്ക് ചാർത്തുക. ക്ഷേത്രത്തിൽ പുഷ്പാലങ്കാരവുമുണ്ടാവും.

ഉത്സവം കൊടിയേറിക്കഴിഞ്ഞാൽ 5വയസിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല. ഭജനം, ചോറൂണ്, വിവാഹം , അന്നദാനം എന്നിവയും ഉണ്ടായിരിക്കില്ല. മകം ദിവസം ചുക്കുവെള്ളം, സംഭാരം, ലഘുഭക്ഷണം എന്നിവ ഭക്തജനങ്ങൾക്ക് നൽകും. ഉത്രം ദിവസം വൈകിട്ട് 6ന് ദേവി ശാസ്താസമേതനായി കീഴ്ക്കാവിൽ കുടികൊള്ളും. ക്ഷേത്രദർശനം 6 മുതൽ പിറ്റേദിവസം 6 വരെ ഉണ്ടായിരിക്കില്ല .