കൊച്ചി: അംഗീകാരം ലഭിക്കാൻ നടപടികൾ സ്വീകരിക്കാതെ വ്യാജമായി നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള സംസ്ഥാന നിർവാഹക സമിതി യോഗം സർക്കാരിനോട് പറഞ്ഞു. അംഗീകാരമില്ലാതെ പ്രവർത്തിച്ച സ്കൂളിന്റെ വീഴ്ചമൂലം പത്താം തരം ബോർഡ് പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
സ്കൂളുകളെ അടച്ചാക്ഷേപിക്കുന്ന വാർത്തകളും ചർച്ചകളും അംഗീകാരമുള്ള സ്കൂളുകളുടെ പേരിന് കളങ്കം വരുത്തുന്നതാണ്. സി.ബി.എസ്.ഇയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അംഗീകാരം ലഭിച്ചു പ്രവർത്തിക്കുന്ന സ്കൂളുകളാണെന്ന് ഉറപ്പുവരുത്തിയേ രക്ഷിതാക്കൾ കുട്ടികളെ ചേർക്കാവൂ. സാമൂഹിക മാധ്യമങ്ങളിലും പൊതു ചർച്ചകളിലും അംഗീകാരവുമായി ബന്ധപ്പെട്ട വരുന്ന ദുഷ്പ്രചരണങ്ങളെ നേരിടാനും യോഗം തീരുമാനിച്ചു.
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോക്ടർ ഇന്ദിര രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, സീനിയർ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവർ പ്രസംഗിച്ചു.