കൊച്ചി: പള്ളികൾ കൈയേറുന്നതായും നശിപ്പിക്കുന്നതായും വിശ്വാസികളെ ബലംപ്രയോഗിച്ച് പുറത്താക്കുന്നതായും ആരോപിച്ച് യാക്കോബായസഭ അഞ്ചുദിവസം നീളുന്ന പ്രാർത്ഥനാ സത്യാഗ്രഹം എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ചു. കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്ത സത്യാഗ്രഹത്തിൽ മെത്രാപ്പൊലീത്തമാർ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇന്നലെ രാവിലെ ആരംഭിച്ച സത്യാഗ്രഹ സമരം വെള്ളിയാഴ്ച വൈകിട്ട് ആറിന് സമാപിക്കും. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തമാരായ ഡോ. എബ്രഹാം സേവേറിയോസ്, മാത്യൂസ് ഇവാനിയോസ്, മാത്യൂസ് തേവോദോസിയോസ് തുടങ്ങിയവരും വൈദികരും വിശ്വാസികളും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.