കൊച്ചി: ചേർത്തലയിൽ സഹോദരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ എട്ടുപുരയ്ക്കൽ പുതുവൽനികർത്തിൽ ബാബുവിനെയാണ് (49) എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ 23 ന് ചേർത്തല ഒറ്റപ്പുന്ന ലെവൽ ക്രേസിന് സമീപത്ത് വച്ചാണ് ബാബു സഹോദരൻ ശിവനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ബാബു
ഒളിവിൽ പോയിരിക്കുകയായിരുന്നു. ശിവൻ മൂന്ന് സഹോദരങ്ങളുമായി ചേർന്ന് ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട
തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.
ബാബുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച ലോഡ്‌ജിൽ മുറിയെടുത്തത്. ശനിയാഴ്ച പകൽ ബാബുവിനെ കണ്ടതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നലെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വന്നതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകാെടുക്കും. ചേർത്തല സി.ഐ.വി.പി. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തെത്തി മേൽനടപടി സ്വീകരിച്ചു.