rahil-1

കൊച്ചി: കൊച്ചിയിൽ നിന്നും വിമാനത്തിൽ ചെന്നൈയിലേക്ക്. രാത്രി അവിടെ ഏറ്റവും മുന്തിയ ഹോട്ടലിൽ താമസം. പിറ്റേദിവസം പുലർച്ചെ കൊൽക്കത്തയിലേക്ക്. അതും വിമാനത്തിൽതന്നെ. താമസവും ഭക്ഷണവുമെല്ലാം ആഢംബര ഹോട്ടലിൽ. രാത്രിയോടെ ഡൽഹിയിലേക്ക്. സംഗതി കേട്ടാൽ കോടീശ്വരൻ എന്ന് തോന്നും, പക്ഷേ, തെറ്റി. സ്വർണ കോയിൻ തട്ടിയ കേസിൽ കഴിഞ്ഞ ദിവസം തൃശൂരിൽ പൊലീസ് പിടിയിലായ കോഴിക്കോട് തിക്കോടി വടക്കേപുരയിൽ വീട്ടിൽ റാഹിലിന്റെ (25) ജീവിത രീതിയാണിത് ! സ്വർണം തട്ടിയെടുത്ത് മറിച്ച് വിറ്റ് വിമാന യാത്രയും മുന്തിയ ഹോട്ടലുകളിൽ താമസവുമാണ് ഇയാളുടെ പ്രധാന ഹോബി. പ്രശസ്ത കമ്പനികളുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി ജുവലറികളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ നാണയങ്ങൾ തട്ടിയെടുത്ത കേസിലാണ് ഇയാളെ നെടുപുഴ പൊലീസ് പിടികൂടിയത്.

ആഢംബരം ഹൈ ലെവൽ
ബ്രാന്റഡ് ഷട്ടും ജീൻസും. പതിനായിരത്തോളം രൂപ വിലമതിക്കുന്ന ഷൂ. വാച്ച്, മാല, കൂളിംഗ് ക്ലാസ്... കോടീശ്വര പുത്രൻമാരെ കടത്തിവെട്ടും റാഹിലിന്റെ ഗെറ്റപ്പ്. നാലുമാസംകൊണ്ട് ആറേകാൽ ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ തടത്തിയത്. കഴിഞ്ഞ നവംബറിൽ അഞ്ച് സ്വർണനാണയങ്ങൾ ഇയാൾ തട്ടിയെടുത്തത് തൃശൂരിലെ പ്രമുഖ ജുവലറിയിൽ നിന്നായിരുന്നു. ഡിസംബറിൽ ആലപ്പുഴയിലെ പ്രശസ്ത ജുവലറിയിലും തട്ടിപ്പ് നടത്തി. ജനുവരിയിൽ അങ്കമാലിയിലെ ജുവലറി ജീവനക്കാരെയും തട്ടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ നാണയം എത്തിച്ചായിരുന്നു തട്ടിപ്പ്. റാഹിൽ അറസ്റ്റിലാകുമ്പോൾ കൈയിലുണ്ടായിരുന്നത് 30 രൂപ മാത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജുവലറികളിലാണ് ഇയാൾ കോയിനുകൾ വിറ്റിരുന്നത്. ആഡംബരത്തിന്റെ അങ്ങേയറ്റത്തെ ജീവിതമായിരുന്നു റാഹിലിന്റേത്. പതിനായിരങ്ങളുടെ വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളുമാണ് റാഹിൽ താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോൾ കണ്ടെത്തിയത്.

തങ്കപ്പെട്ട എം.ഡി
ഫോണിൽ വിളിച്ച് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കാനെന്നു പറഞ്ഞ് സ്വർണ നാണയങ്ങൾ ഓർഡർ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അവ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിക്കാനും പറയും. നാണയങ്ങളുമായി എത്തുന്ന ജുവലറി ജീവനക്കാരെ ഹോട്ടലിന്റെ ലോബിയിലിരുത്തി, എം.ഡിയുടെ പി.എ ആണെന്ന് സ്വയം പരിചയപ്പെടുത്തും. എം.ഡി റൂമിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിവരാമെന്ന് പറഞ്ഞ് സ്വർണവുമായി മുങ്ങും. കഴിഞ്ഞ ജനുവരി 29ന് തൃശൂർ പുത്തൻപള്ളിയിലെ ജുവലറിയിൽ നിന്ന് അഞ്ച് സ്വർണ നാണയങ്ങൾ തട്ടിയെടുത്തിരുന്നു. ജീവനക്കാർ നെടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ റാഹിലിനെ കുടുക്കിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, നെടുപുഴ സി.ഐ എ.വി. ബിജു, എസ്.ഐ സതീഷ്‌കുമാർ, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, രാജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് റാഹിലിനെ അറസ്റ്റ് ചെയ്തത്.

കുന്നോളം തട്ടിപ്പുകൾ

ഒന്നല്ല ഒരുപിടി കേസുകളിൽ പ്രതിയാണ് റാഹിൽ. എറണാകുളത്താണ് ഏറെയും കേസുകൾ. ആഢംബര ഹോട്ടലുകൾ കൂടുതൽ ഉള്ളതിനാലാണത്രേ കൊച്ചിയിൽ കേന്ദ്രീകരിച്ച് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. വൻ തട്ടിപ്പിന് പദ്ധതി തയാറാക്കുന്നതിനിടെയാണ് പിടിയിലായത്. റാഹിൽ വിവിധ തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി ജുവലറികളിൽനിന്നും 25 പവനോളം തൂക്കം വരുന്ന സ്വർണക്കോയിനുകളും ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും തട്ടിയെടുത്തിട്ടുണ്ട്. നവംബർ മൂന്നിന് തൃശൂർ, 18ന് അങ്കമാലി, ഡിസംബർ 10ന് ആലപ്പുഴ എന്നിവിടങ്ങളിൽ ഇയാൾ സമാന തട്ടിപ്പുനടത്തി. ജനുവരി 10ന് എറണാകുളത്തെ പ്രമുഖ ജുവലറിയിൽ നിന്നും രണ്ട് ഡയമണ്ട് മോതിരങ്ങൾ ഓർഡർ ചെയ്യുകയും ഹോട്ടലിലെത്തിയ ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു. ജനുവരി 29ന് കൊല്ലത്ത മൊബൈൽഷോപ്പിൽനിന്ന് ഒന്നര ലക്ഷത്തോളം വിലവരുന്ന ഐ ഫോണും തട്ടിയെടുത്തിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.