കൊച്ചി: കൊച്ചിക്കാരനായ പ്രൊഫ.പി.ജെ. ജോസഫ് രചിച്ച പുസ്തകം കടലും കടന്ന് ഇസ്രായേലിലുമെത്തി. തങ്ങളുടെ നാടിന്റെ കഥ പറഞ്ഞ എഴുത്തുകാരനെ നേരിൽക്കാണാൻ ഇസ്രായേൽ കോൺസൽ ജനറൽ വൈകാതെ കൊച്ചിയിലെത്തും.
ആലുവ യു.സി കോളേജിലെ ഇംഗ്ളീഷ് വകുപ്പ് മേധാവിയായിരുന്നു പ്രൊഫ. ജോസഫ്. യാത്രകൾ ഇഷ്ടപ്പെടുന്ന അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് ഇസ്രയേൽ സന്ദർശിച്ചു. ഇസ്രയേലിന്റെ ചരിത്രവും പോരാട്ടവും ജനതയെക്കുറിച്ചും പഠിച്ചു. 'ഇസ്രയേൽ അതിജീവനത്തിന്റെ മഹായുദ്ധം' എന്ന മലയാള പുസ്തകം 2018 ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ളീഷ് പരിഭാഷയും പുറത്തിറക്കി.
പുസ്തകത്തെക്കുറിച്ച് കേട്ടറിഞ്ഞ് വായിച്ച ബംഗളുരുവിലെ ഇസ്രയേൽ കോൺസൽ ജനറൽ ഡാന കുർഷ് പ്രൊഫ. ജോസഫിനെ വിളിച്ച് അഭിനന്ദിച്ചു. കൊച്ചിയ്ക്ക് വരും, നേരിൽക്കാണണമെന്നും അറിയിച്ചു.
ചെറായി സ്വദേശിയായ പ്രൊഫ. ജോസഫ് മൂവാറ്റുപുഴ നിർമ്മല, കളമശേരി സെന്റ് പോൾസ് എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. യു.സി കോളേജിൽ നിന്ന് വിരമിച്ചശേഷം ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. നിരവധി പുരസ്കാരങ്ങളും നേടി. ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരിക്കലേ സന്ദർശിച്ചിട്ടുള്ളുവെങ്കിലും ഇസ്രയേൽ വല്ലാതെ ആകർഷിച്ചു. വെള്ളത്തിന് ദാരിദ്ര്യമുള്ള രാജ്യം ഒരു തുള്ളി പാഴാകാതെ നടത്തുന്ന ശാസ്ത്രീയകൃഷി വിസ്‌മയമാണ്. പ്രശ്നങ്ങൾ പതിവാണെങ്കിലും പതറാത്ത ജനതയും നേടുന്ന വികസനവും ഗംഭീരമാണ്.
പ്രൊഫ. പി.ജെ. ജോസഫ്