കൊച്ചി : അംഗീകാരമില്ലാത്തതിനാൽ പത്താംക്ളാസ് പരീക്ഷ എഴുതാൻ സി.ബി.എസ്.ഇ അനുമതി നിഷേധിച്ച കൊച്ചിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 34 കുട്ടികൾക്കും പള്ളുരുത്തി അൽ - അസർ സ്‌കൂളിലെ നാലു കുട്ടികൾക്കും തുടർന്നുള്ള പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകി. ഇതുപ്രകാരം കുട്ടികൾക്ക് മാർച്ച് 4, 12, 18 തീയതികളിലെ പരീക്ഷകൾ എഴുതാം
പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ കുട്ടികളുടെ അപ്പീലിലെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അപ്പീലുകൾ മാർച്ച് 23 ന് വീണ്ടും പരിഗണിക്കും.
അരൂജാസിലെ കുട്ടികൾക്ക് വൈറ്റില ടോക്ക് എച്ച് സ്കൂളിലും അൽ അസർ സ്‌കൂളിലെ കുട്ടികൾക്ക് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലുമാണ് പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കുന്നത്. ഹാൾ ടിക്കറ്റും ഇവിടെ നിന്ന് നൽകും.
സി.ബി.എസ്.ഇ അനുമതി നിഷേധിച്ചതിനെതിരെ അരൂജാസ് സ്കൂളിലെ പി.വി. അർജുൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ലെങ്കിലും ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ അനുമതി നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിംഗിൾബെഞ്ച് ഇതു നിരസിച്ചു. തുടർന്നാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.
അഫിലിയേഷന് തടസം സർക്കാർ
എൻ.ഒ.സി നൽകാത്തത്- പേജ് 8