മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതയുടെ നേതൃത്വത്തിൽ വിവിധ സഭാ സമൂഹങ്ങളുടെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ബൈബിൾ കൺവൻഷൻ 2020ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 6 മുതൽ 9 വരെ വാഴപ്പിള്ളി മാർ ഈവാനിയോസ് നഗറിൽ (മൂവാറ്റുപുഴ കാത്തലിക് ബിഷപ്‌സ് ഹൗസ്) ദിവസവും വൈകിട്ട് 4.30 മുതൽ 9 വരെയാണ് കൺവൻഷൻ. 4.30ന് ജപമാല, 5ന് ദിവ്യബലി, 6.30ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 9ന് സമാപനം. മാർച്ച് 6ന് വൈകുന്നേരം 4.30ന് കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തിൽ ദിവ്യബലിയർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 7ന് മുവാറ്റുപുഴ രൂപത ബിഷപ് എമെരിത്തൂസ് ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലിത്ത, മാർച്ച് 8ന് വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ എന്നിവർ ദിവ്യബലി അർപ്പിക്കും. മാർച്ച് 9ന് മുവാറ്റുപുഴ രൂപത മെത്രാപ്പോലിത്ത യൂഹാനോൻ മാർ തിയഡോഷ്യസ് ദിവ്യബലി അർപ്പിച്ച് സമാപന സന്ദേശം നൽകും.